1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2021

സ്വന്തം ലേഖകൻ: സേനയെ പിന്‍വലിച്ചതിന് ശേഷവും അഫ്ഗാനിസ്താന് അമേരിക്കയുടെ സഹായമുണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണെന്ന് ജോ ബൈഡന്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ദേശീയ അനുരഞ്ജന ഉന്നത സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

താലിബാന്‍ ശക്തിപ്രാപിക്കുന്നതിനെ നേരിടാനാകുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.എസ് സൈന്യം പിന്‍വാങ്ങി ആറു മാസത്തിനകം അഫ്ഗാനില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇത്തരം പ്രവചനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ തന്നെ തെറ്റിയിട്ടുണ്ടെന്ന് ഗനി ചൂണ്ടിക്കാട്ടി.

സൈനികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പിന്തുണ നല്‍കുമെന്നാണ് ബൈഡന്‍ അഫ്ഗാന്‍ നേതാക്കളെ അറിയിച്ചത്. അഫ്ഗാനിസ്ഥാന്റെ ഭാവി എന്താവണമെന്ന് അഫ്ഗാന്‍ നേതൃത്വം തന്നെ തീരുമാനിക്കാന്‍ പോവുകയാണ് -ബൈഡന്‍ പറഞ്ഞു. ബൈഡന്റെ വാക്കുകളെ സ്വാഗതം ചെയ്ത ഗനി, തീരുമാനം ചരിത്രപരമാണെന്നും എല്ലാവര്‍ക്കും പുനര്‍വിചിന്തനത്തിനുള്ള സമയമാണ് ഇതെന്നും പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബര്‍ 11ഓടെ അഫ്ഗാനില്‍ നിന്ന് മുഴുവന്‍ യു.എസ് സൈന്യത്തെയും പിന്‍വലിക്കാനാണ് ബൈഡന്റെ തീരുമാനം. 20 വര്‍ഷത്തെ അമേരിക്കന്‍ സൈനിക ഇടപെടലിനാണ് ഇതോടെ അവസാനമാകുന്നത്.

താലിബാന്‍ അതിക്രമങ്ങളില്‍ ബൈഡന്‍ ഭരണകൂടം ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും സേനാ പിന്മാറ്റത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നിട്ടില്ല. അഫ്ഗാനിലെ സാഹചര്യങ്ങള്‍ വീക്ഷിക്കുകയാണെന്നും സമാധാനപരമായ പരിഹാരത്തെ താലിബാന്‍ ഗൗരവത്തിൽ എടുത്തിട്ടുണ്ടോയെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി അന്റോണി ബ്ലിങ്കന്‍ വ്യാഴാഴ്ച ചോദിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.