1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2021

സ്വന്തം ലേഖകൻ: കോവിഡിനിടെ ചുംബന വിവാദത്തിൽ കുരുങ്ങി ബ്രിട്ടന്റെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്. ആരോഗ്യ മന്ത്രാലയത്തിലെ സഹപ്രവർത്തകയായ യുവതിയെ മന്ത്രി ചുംബിക്കുന്ന രംഗങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പുറത്തുവിട്ടതോടെയാണ് ഹാനോക് കോവിഡ് ഹീറോയിൽനിന്നും സീറോയായി മാറിയത്. ബ്രിട്ടനിലെ പ്രമുഖ ടാബ്ലോയിഡുകളിൽ ഒന്നായ സൺ ആണ് ഹാനോക്കിനെ കാമറയിൽ കുരുക്കിയത്.

ഒരേസമയം ഭാര്യയെയും കുടംബത്തെയും വഞ്ചിക്കുകയും രാജ്യത്തെ സോഷ്യൽ ഡിസ്റ്റൻസിംങ് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത മന്ത്രി തെറ്റു സമ്മതിച്ച് പരസ്യമായി മാപ്പു പറഞ്ഞെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. മന്ത്രിയുടെ രാജിയ്ക്കായി മുറവിളികൂട്ടുകയാണ് പ്രതിപക്ഷം. ഭാര്യ മാർത്തയുടെ പരസ്യ നിലപാടുകൾ അറിയാനും കാത്തിരിക്കുകയാണ് മാധ്യമങ്ങൾ.

ഓക്ഫെഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് സ്റ്റുഡന്റ് റേഡിയോ സ്റ്റേഷനിൽ ഒരുമിച്ച് പ്രവർത്തിച്ച ജീന കോളെൻഡാഞ്ചലോ എന്ന പഴയ കൂട്ടുകാരിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാനോക് ആരോഗ്യ മന്ത്രാലയത്തിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഒരുമാസത്തിൽ താഴെമാത്രം ജോലിചെയ്യേണ്ട ഈ തസ്തികയിലേക്ക് ശമ്പളമായി നിശ്ചയിച്ചത് 15,000 പൗണ്ടും.

മന്ത്രി സ്വന്തം താൽപര്യത്തിൽ നിയമിച്ച ആളുമായുള്ള അതിരുകടന്ന ബന്ധം അഴിമതിയായികൂടി കണക്കാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ ഇവരുടെ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നാണു സർക്കാർ വിശദീകരണം. മന്ത്രി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിച്ചു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കുന്നത്.

എന്നാൽ വിവാഹിതനായ മന്ത്രിയുടെ വിവാഹിതയായ മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും, എല്ലായിടത്തും എപ്പോഴും ആവർത്തിക്കുന്ന സോഷ്യൽ ഡിസ്റ്റൻസിങ് റൂൾ സ്വന്തം ഓഫിസിൽ മന്ത്രിതന്നെ ലംഘിച്ചതുമൊന്നും പ്രതിപക്ഷവും സ്വന്തം കക്ഷിയിലെ എതിരാളികളും എളുപ്പം വിട്ടുകളയുമെന്ന് കരുതാനാകില്ല.

കഴിഞ്ഞവർഷം സമാനമായ രീതിയിൽ സോഷ്യൽ ഡിസ്റ്റൻസിംങ് നിയമങ്ങൾ ലംഘിച്ചതിന് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് അംഗമായ പ്രഫ. നീൽ ഫെർഗുസന് രാജിവയ്ക്കേണ്ടി വന്നിരുന്നു. കീഴ്‌വഴക്കം ഇതായിരിക്കെ ന്യായീകരണത്തിലൂടെയും ക്ഷമാപണത്തിലൂടെയും ഹാനോക്കിന് സ്വന്തം കസേരയിൽ തുടരനാകുമോ എന്ന കാര്യം സംശയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.