
സ്വന്തം ലേഖകൻ: കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കണമെങ്കിൽ ‘കുവൈത്ത് മൊബൈൽ ഐഡി’ അല്ലെങ്കിൽ ‘ഇമ്മ്യൂൺ’ ആപ്പുകളിൽ ഒന്ന് നിർബന്ധം. ‘കുവൈത്ത് മൊബൈൽ ഐഡി’യിൽ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവർക്കും ‘ഇമ്യൂൺ’ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വലിയ മാളുകൾ, റസ്റ്റോറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം വിലക്കികൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിലാകും. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്യൂൺ ആപ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ആളുകളെ മാളുകളിലും മറ്റും പ്രവേശിപ്പിക്കുക.
വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവർക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളിൽ കാണിക്കുക. ഈ രണ്ടു വിഭാഗങ്ങളെയും മാത്രമാകും മേൽപറഞ്ഞ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക. തീരെ വാക്സിൻ എടുത്തില്ല എന്നതിനെ സൂചിപ്പിക്കാൻ ചുവന്ന നിറമാണ് ആപ്പുകളിൽ കാണിക്കുക. ഇക്കൂട്ടർക്ക് പ്രവേശനം ഉണ്ടാകില്ല.
ആരോഗ്യമന്ത്രാലയത്തിൽനിന്ന് പ്രത്യേക ഇളവ് നേടിയവർ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥാപന ഉടമകൾ എന്നിവർക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 6000 ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള മാളുകൾക്കാണ് നിയന്ത്രണം ബാധകമാകുക. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ഫീൽഡ് പരിശോധന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല