
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ സേവനങ്ങളും ഒാൺലൈൻ വഴിയാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ജനകീയമായി മാറിയ ’മെട്രാഷ്’ പദ്ധതി വിജയകരമായതിൻെറ തുടർച്ചയെന്നോണമാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക് മാറാൻ ഒരുങ്ങുന്നത്. അതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഉപ മേധാവി ലെഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി പറഞ്ഞു.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ സേവനങ്ങളും ഇടപാടുകളും കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം. ഇടപാടുകൾ സുതാര്യമായതിനാലും വേഗത്തിലായതിനാലും മെട്രാഷ് കൂടുതൽ ജനകീയമായിരിക്കുകയാണ്. ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ വീട്ടിൽനിന്നുതന്നെ പൂർത്തിയാക്കാൻ സാധിക്കും.
ഭാവിയിൽ മന്ത്രാലയത്തിെൻറ എല്ലാ സേവനങ്ങളും വിരൽത്തുമ്പിലെത്തും -ലെഫ്. കേണൽ അൽ മുഹന്നദി വ്യക്തമാക്കി. ഖത്തർ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് മികച്ചസേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇടപാടുകൾ കടലാസുരഹിതമാക്കണമെന്നതായിരുന്നു പ്രഥമ പദ്ധതിയിലെ ലക്ഷ്യങ്ങളിലൊന്ന്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന ‘മെട്രാഷ്’ പദ്ധതി വൻ വിജയമായി മാറിയതാണ് സമ്പൂർണ ഓൺലൈൻ പദ്ധതിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്നവർക്ക് സർക്കാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം ആശ്രയിക്കാവുന്ന ആപ്ലിക്കേഷനായി ‘മെട്രാഷ്’ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജനപ്രിയ പ്ലാറ്റ്ഫോമായി മാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല