
സ്വന്തം ലേഖകൻ: സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗദിയിൽ കോവിഡ് വാക്സിനേഷൻ നൽകാൻ അനുമതി. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്കു ഫൈസർ വാക്സീനാണു നൽകുകയെന്നു സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2020 ഡിസംബറിൽ തന്നെ ഫൈസർ കമ്പനി തങ്ങളുടെ വാക്സീൻ കുട്ടികൾക്കു നൽകാമെന്നു സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി കൂടുതൽ പഠനങ്ങൾക്കു ശേഷം ഇപ്പോഴാണ് വാക്സീൻ നിയമത്തിൽ ഭേദഗതി ചെയ്യുന്നത്.
വാക്സീൻ എടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ‘സിഹത്തീ’, ‘തവക്കൽനാ’ ആപ്ലികേഷനുകൾ മുഖേന അപേക്ഷിക്കാം. ഇത് സൗദിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുമെന്ന് അധികൃതർ പറഞ്ഞു. മുതിർന്നവരിൽ 70 ശതമാനവും ഒന്നാം ഘട്ട വാക്സിനേഷൻ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
587 കേന്ദ്രങ്ങളിലാണ് രാജ്യത്ത് കോവിഡ് പ്രതിരിധ വാക്സിനേഷൻ നൽകുന്നത്. ഞായറാഴ്ച വരെ 17,208,065 പേർ ഒന്നാം ഘട്ട വാക്സീൻ ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം മുതൽ രണ്ടാം ഡോസും കൊടുത്തു തുടങ്ങി. ഒന്നും രണ്ടും ഡോസുകൾ ഒരേ നിർമാതാക്കളുടേത് ആയിരിക്കേണ്ടതില്ലെന്നു നേരത്തേ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല