
സ്വന്തം ലേഖകൻ: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം.
വാക്സീൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണഅതോറിറ്റി വാർത്താസമ്മേളനം നടത്തിയത്. പുതിയ കോവിഡ് രോഗികളിൽ 39.2 ശതമാനം പേരിൽ ബീറ്റ വകഭേദം സ്ഥിരീകരിച്ചു. 33.9 ശതമാനംപേരിൽ ഡെൽറ്റയും 11.3 ശതമാനം പേരിൽ ആൽഫ വകഭേദവുമാണ് സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു,
പുതിയ കോവിഡ് രോഗികളിൽ 84 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നരിൽ 89 ശതമാനവും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 92 ശതമാനവും വാക്സീൻ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്തമാക്കി. കോവിഡ് കാരണമുണ്ടാകുന്ന ആകെ മരണങ്ങളിൽ 94 ശതമാനവും വാക്സീൻ സ്വീകരിക്കാത്തവരാണ്.
കഴിഞ്ഞ ആഴ്ച കോവിഡ് മരണനിരക്കിൽ വർധയുമുണ്ടായി. വാക്സീൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികംപേരും വാക്സീൻ സ്വീകരിച്ചു. അടിയന്തര പരിഗണനയർഹിക്കുന്നവരിൽ 91 ശതമാനവും വാക്സീൻ സ്വീകരിച്ചതായും ഡോ.ഫരീദ വ്യക്തിമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല