
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 2234 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 2,66,536 ആയി ഉയർന്നു. 1569 പേർക്ക് കൂടി രോഗം ഭേദമായി. 2,33,287 പേരാണ് രോഗമുക്തരായത്. 33,249 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്.
87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറെ ഇടവേളക്കു ശേഷമാണ് രോഗമുക്തി നിരക്ക് ഇത്രയധികം കണ്ട് കുറയുന്നത്. 181 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1613 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 525 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാക്സിനേഷനിലൂടെ കോവിഡിന് പ്രതിരോധം തീർക്കുന്നതിെൻറ ഭാഗമായി ആരോഗ്യ വകുപ്പ് പുതിയ മുൻഗണനാ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് പുതുതായി വാക്സിൻ നൽകുക. വാക്സിൻ സ്വീകരിക്കുന്നവർ തറാസുദ് പ്ലസ് ആപ്ലിക്കേഷൻ മുഖേന അപ്പോയിൻമെന്റ് ബുക്ക് ചെയ്യണമെന്നും അടുത്ത ഞായറാഴ്ച മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.
45 വയസ്സിന് മുകളിലുള്ളവരുടേതുപോലെ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനിലും സ്വദേശികൾക്കായിരിക്കും മുൻഗണന. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് വാക്സിനേഷനുള്ള ആദ്യ ഘട്ട മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഘട്ടത്തിൽ സ്വദേശികൾക്ക് ഒപ്പം നിരവധി പ്രവാസികൾക്കും രണ്ട് ഡോസ് സൗജന്യ വാക്സിൻ ലഭിച്ചിരുന്നു.
18നും 60നുമിടയിൽ പ്രായമുള്ള പ്രവാസികൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയാണ് വാക്സിനെടുത്തത്. രണ്ട് ഡോസ് ആസ്ട്രാസെനക്ക വാക്സിന് 22 റിയാലാണ് നിരക്ക്. ഫൈസർ വാക്സിന് 40 റിയാലിന് മുകളിലുമാണ് നിരക്ക്. രണ്ട് വാക്സിനുകൾക്ക് കൂടി ഒമാൻ അംഗീകാരം നൽകിയതോടെ വാക്സിൻ യഥേഷ്ടം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പ്രതിദിന േകാവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും ദിനേന മരണനിരക്കുകൾ 40 കടക്കുകയും ചെയ്തതോടെ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. രോഗം പടരാനുള്ള പ്രധാനം കാരണം കല്യാണം അടക്കമുള്ള ചടങ്ങുകളിലെ ഒത്തുചേരലാണെന്നും ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഒരുമിച്ച് കൂടുന്നതിനും ശക്തമായ നിയന്ത്രണം ആവശ്യമാണെന്നും അധികൃതർ സൂചന നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല