1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2021

അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്ന കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം മാത്രം മരിച്ചത് 200ലേറെ പേര്‍. കാനഡയെ കൂടാതെ വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ നാല് ദിവസത്തിനിടെ 233 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് മുമ്പത്തെ നാല് ദിവസത്തെ കണക്കില്‍ നിന്ന് വളരെ അധികമാണ് ഈ മരണസംഖ്യ. മരണം ഇനിയും കൂടാനാണ് സാധ്യതയെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രീ സെല്‍ഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാല്‍, ഈയാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം 49ലെത്തി. വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പബ്ലിക് കൂളിങ് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.

ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലാണ് കാനഡ. ബ്രിട്ടീഷ് കൊളംബിയ പോലുള്ള മേഖലകളില്‍ പൊതുവെ അന്തരീക്ഷ മര്‍ദം അത്ര കടുത്തതാകാറില്ലാത്തതിനാല്‍ മിക്ക വീടുകളിലും എയര്‍ കണ്ടീഷനറുകള്‍ വെക്കാറില്ല. അതാണ് ഇത്തവണ വില്ലനായത്. വയോധികരും മറ്റ് അസുഖങ്ങളുള്ളവരുമാണ് പ്രധാനമായും മരണത്തിന് കീഴടങ്ങുന്നത്.

യു.എസില്‍ പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍, സീറ്റില്‍, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്. ധാരാളം വെള്ളം കുടിക്കാനും എ.സികളുള്ളിടത്ത് കഴിയാനും പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും കുടുംബാംഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനും യു.എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഉഷ്ണതരംഗം പലയിടത്തും കാട്ടുതീക്കും കാരണമാകുന്നുണ്ട്. കലിഫോര്‍ണിയ ഒറിഗോണ്‍ അതിര്‍ത്തിയില്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ 1500 ഏക്കര്‍ വനം നശിച്ചതായാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.