
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു ഡോസ് പ്രതിരോധ വാക്സിന് കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്സ്ഫോര്‍ഡ്, മോഡേണ,ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ കോവിഡ് വാക്സിന് രണ്ടു ഡോസ് എടുത്ത വിദേശികള്‍ക്കു മാത്രമാണ് പ്രവേശനത്തിന് കാബിനെറ്റ് അംഗീകാരം നല്‍കിയിട്ടുള്ളത്.
അതേസമയം രാജ്യത്ത് വാക്സിനേഷനിൽ ചില രാജ്യക്കാർക്കു മുൻഗണന ലഭിക്കുന്നുവെന്ന പ്രചാരണം ആരോഗ്യമന്ത്രാലയം നിഷേധിച്ചു. അനുവദിക്കപ്പെട്ട പ്രായപരിധിയിലുള്ള എല്ലാവർക്കും തന്നെ വാക്സീൻ ലഭ്യമാകുന്നതിനുള്ള സംവിധാനമാണു നിലവിലുള്ളത്.
രോഗസാധ്യത കൂടുതലുള്ളവർക്കു മാത്രമാണു മുൻഗണനയെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ രണ്ട് ആഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ലൈസൻസിങ് വിഭാഗം ഡയറക്ടർ ഡോ.സുആർ ആബിൽ സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല