
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ഉടമയുമായ ജെഫ് ബെസോസിനു മുൻപേ ബഹിരാകാശത്തെത്താൻ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്പ്ലെയിനിലാണ് എഴുപതുകാരൻ ബ്രാൻസൻ ഈ മാസം 11നു ബഹിരാകാശത്തേക്കു കുതിക്കാൻ പദ്ധതിയിടുന്നത്.
ബെസോസ് യാത്ര തിരിക്കുന്നത് ഇരുപതിനാണ്. യാത്രാസംഘത്തിൽ തനിക്കും സഹോദരൻ മാർക്കിനുമൊപ്പം ആദ്യകാല യുഎസ് പൈലറ്റും എൺപത്തിരണ്ടുകാരിയുമായ വോലി ഫങ്കുമുണ്ടെന്ന് ബെസോസ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണു ബ്രാൻസന്റെ പ്രഖ്യാപനം വന്നത്. ഗലാക്റ്റിക്കിലെ ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, സിരിഷ ബാൻഡ്ല എന്നിവരും ബ്രാൻസന്റെ സംഘത്തിലുണ്ടാകും.
സിരിഷ ബാൻഡ്ല തെലുങ്കു വേരുകളുള്ള ഇന്ത്യൻ വംശജയാണ്. യാത്രയുടെ ട്രെയിലർ വിഡിയോയും പുറത്തിറങ്ങി. തിടുക്കത്തിലുള്ള ഈ തീരുമാനത്തിനു പിന്നിൽ ബിസിനസ് താൽപര്യങ്ങളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭാവിയിൽ വലിയ വികാസം കൈവരിക്കുമെന്നു കരുതുന്ന ബഹിരാകാശ ടൂറിസം മേഖലയിൽ പരസ്പരം പോരടിക്കുന്നവരാണ് ബ്ലൂ ഒറിജിനും വെർജിൻ ഗലാക്റ്റിക്കും.
അതിനിടെ ജെഫ് ബെസോസിനൊപ്പം അദ്ദേഹത്തിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ റോക്കറ്റിൽ ബഹിരാകാശത്തു പോകാൻ 82 വയസ്സുകാരിയായ വോലി ഫങ്ക് ഒരുങ്ങുകയാണ്. യുഎസ് പൗരൻമാരെ ആദ്യമായി ബഹിരാകാശത്തെത്തിക്കാൻ നാസ 1960 ൽ നടത്തിയ പരിപാടിയിൽ പരിശീലനം നേടിയ 13 വനിതകളിൽ ഒരാളായിരുന്നു ഫങ്ക്.
എന്നാൽ സ്ത്രീയായതിനാൽ അന്ന് വോലിക്ക് ബഹിരാകാശയാത്ര നിഷേധിക്കപ്പെട്ടു. പിന്നീട് അവർ യുഎസിലെ ആദ്യ വൈമാനിക പരിശീലകയായി. ഇപ്പോൾ വാർധക്യത്തിൽ തന്റെ സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണു വോലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല