
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച അസ്ട്രസെനക വാക്സീനും പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന കോവിഷീൽഡും ഒന്നുതന്നെയാണെന്ന് യുകെ. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ആർക്കും ബ്രിട്ടീഷ് യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ബ്രിട്ടനിൽ 50 ലക്ഷത്തോളം പേര് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചതായാണ് കണക്ക്.
വ്യത്യസ്ത ബ്രാൻഡുകളിൽ ഇവ നിർമിക്കുന്നു എന്നു മാത്രമേയുള്ളൂവെന്ന് ബ്രിട്ടനിലെ വാക്സീൻ വിദഗ്ധൻ പ്രഫ. ആഡം ഫിന്നും വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ പാസ്പോർട്ട് സ്കീമിൽ കോവിഷീൽഡിനെ ഉൾപ്പെടുത്താതിരുന്നതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളും ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇയു പാസ്പോർട്ട് സ്കീമിൽ കോവിഷീൽഡ് ഇല്ലാതെ വന്നതോടെയാണ് ബ്രിട്ടനിലേക്കുള്ള യാത്രകളും വാക്സിൻ മുടക്കുമെന്ന ആശങ്ക ഉയർന്നത്.
എന്നാൽ കോവിഷീൽഡിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് യൂറോപ്യൻ മെഡിസിൻസ് റഗുലേറ്റർക്ക് യുകെ മെഡിസിൻസ് റഗുലേറ്റർ (എംഎച്ച്ആർഎ) അപ്രൂവലിന് ആവശ്യമായ വിവരങ്ങൾ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രിയ, ജർമനി, സ്ലൊവേനിയ, ഗ്രീസ്, സ്പെയിൻ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, എസ്തോണിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ കോവിഷീൽഡിന് ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഇന്ത്യയും ഔദ്യോഗികമായി നിലപാട് കടുപ്പിച്ചതോടെ യൂറോപ്യൻ മെഡിസിൻസ് ഏജൻസി തെറ്റു തിരുത്തുകയായിരുന്നു. ഇന്ത്യൻ വാക്സീൻ അംഗീകരിക്കുന്നില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നൽകുന്ന വാക്സീൻ പാസ് ഇന്ത്യയിലും അംഗീകരിക്കുന്നില്ലെന്ന കടുത്ത നിലപാടിലായിരുന്നു ഇന്ത്യ. വ്യാഴാഴ്ച മുതലാണ് കോവിഷീൽഡിനെ ഒഴിവാക്കി യൂറോപ്യൻ യൂണിയൻ ഡിജിറ്റൻ ഗ്രീൻ സർട്ടിഫിക്കറ്റ് നൽകിത്തുടങ്ങിയത്.
തൽകാലം രണ്ടുഡോസ് അംഗീകൃത വാക്സിനുകളെടുത്ത യൂറോപ്യൻ പൗരന്മാർക്ക് മാത്രമാണ് ഇതു നൽകുന്നത്. സമാനമായ രീതിയിൽ അംഗീകൃത വാക്സീൻ എടുത്തവർക്കു മാത്രമേ യൂറോപ്യൻ യൂണിയനിലും പ്രവേശനവും അനുവദിക്കൂ എന്നതായിരുന്നു നിലപാട്. എന്നാൽ എൻഎച്ച്എസ് ആപ്പിലെ കോവിഡ് സർട്ടിഫിക്കേഷനും യൂറോപ്യൻ യൂണിയൻ അംഗീകാരമില്ല.
ഇന്ത്യന്‍ നിര്‍മിതമായ ആസ്ട്രസെനേക വാക്സിനെ യൂറോപ്യന്‍ യൂണിയന് യാത്രാപദ്ധതിക്കായി അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. മെഡിസിന് ആന്‍ഡ് ഹെല്‍ത് കെയര്‍ റെഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്.എ) അംഗീകാരം നല്കിയ വാക്സിനുകള്‍ക്ക് വാക്സിന് പാസ്പോര്‍ട്ട് അനുമതി നല്കാതിരിക്കുന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല