
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് ഇൻഡിഗോ വിമാനം വഴി നാട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ലഗേജുകൾ കിട്ടിയില്ലെന്ന് പരാതി. ജൂൺ 29ന് ദോഹയിൽനിന്ന് കണ്ണൂരിലെത്തിയ 6ഇ 1716 ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാർക്കാണ് നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകൾ ലഭിക്കാത്തതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
താനും സഹോദരനും ഒന്നിച്ചാണ് നാട്ടിലേക്ക് മടങ്ങിയതതെന്നും കണ്ണൂരിൽ വിമാനമിറങ്ങി എയർപോർട്ടിലെ കൺവെയർ ബെൽട്ടിൽ ലഗേജിനായി കുറെ നേരം കാത്തിരുന്നതായും വിമാനത്തിലെ യാത്രക്കാരിൽ ഒരാളായ കണ്ണൂർ ഉളിയിൽ സ്വദേശി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോഴാണ് ലഗേജ് വന്നിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് അവർ ആവശ്യപ്പെട്ടത് പ്രകാരം ലഗേജ് ലഭ്യമായിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. വിമാനത്തിൻെറ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പരാതി നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്. അടുത്ത ദിവസം തന്നെ അന്വേഷിച്ചെങ്കിലും ലഗേജ് എത്തിയില്ലെന്നായിരുന്നു മറുപടി.
ജൂലൈ ഒന്നിന് വീണ്ടും അന്വേഷിച്ചപ്പോൾ എയർ ബബ്ൾ പുതുക്കാത്തതിനാൽ വിമാനങ്ങൾ കാൻസൽ ചെയ്തുവെന്ന് വിശദീകരണം. പിന്നീടുള്ള ദിവസങ്ങളിലും കണ്ണൂർ എയർപോർട്ടിലെ ഇൻഡിഗോ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ദോഹയിൽ അന്വേഷിക്കണം എന്നായിരുന്നു മറുപടി.
ശനിയാഴ്ചയായിട്ടും ലഗേജുകൾ ലഭ്യമായിട്ടില്ലെന്നും യാത്രക്കാരൻ മാധ്യമത്തോട് പറഞ്ഞു. ചില യാത്രക്കാർ കൂടുതൽ കാശ് മുടക്കി അധിക ലഗേജ് ക്വോട്ട നേടുന്നതിനാൽ പല സർവിസുകളിലും ഭാരംകുറക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാവുന്നതിനാലാണ് ലഗേജുകൾ പുറത്താവുന്നത് എന്ന് എയർ ട്രാവലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ട് എത്തിയ ചില യാത്രക്കാർക്കും ലഗേജ് നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.
ലഗേജുകൾ വൈകുേമ്പാഴും നഷ്ടപ്പെടുേമ്പാഴും യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ സേവ ആപ്ലിക്കേഷൻ വഴിയോ വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ, ഇ-മെയിൽ ചെയ്തോ പി.എൻ.ആർ നമ്പർ സഹിതം പരാതി നൽകാം. വ്യോമയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതാണ് ‘എയർസേവ’ ആപ്. ഇത്തരം പരാതികളിലൂടെ മാത്രമേ യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയൂ എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല