
സ്വന്തം ലേഖകൻ: എക്സ്പോ 2020 ദുബായ് പൂർണവിജയമാക്കാൻ തയാറെടുപ്പുകൾ ശക്തമാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. എല്ലാവർക്കും എക്സ്പോ വിജയിപ്പിക്കുന്നതിൽ തുല്യ പങ്കുവഹിക്കാൻ കഴിയുമെന്നതിൽ ഉറപ്പുണ്ട്. ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ മാർഗങ്ങളും അറിവും ഉയർന്ന യോഗ്യതയുള്ള ജോലിക്കാരുമുണ്ട്.
മഹാമേളയ്ക്ക് ആറുമാസം മുൻപേ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി പ്രാദേശിക ഫെഡറൽ തലങ്ങളിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ദുബായ് ആരോഗ്യ വകുപ്പ് ഇതിനായി മികച്ചരീതിയിലുള്ള വാക്സിനേഷൻ പ്രചാരണമാണ് നടത്തുന്നത്. എല്ലാ എക്സ്പോ പങ്കാളികൾക്കും ജീവനക്കാർക്കും കഴിഞ്ഞ ഏപ്രിലിൽ സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചിരുന്നു.
എല്ലാവരുടെയും ആരോഗ്യ സുരക്ഷയ്ക്ക് അധികൃതർ മുൻതൂക്കം നൽകുന്നുണ്ട്. ദുബായിൽ നടന്ന സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡാനന്തരം ലോകത്തിന് പ്രതീക്ഷ പകരുന്ന ആദ്യത്തെ ആഗോള സംഗമത്തിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ നടക്കുന്നത്. എന്നാൽ എക്സ്പോയിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാക്കില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല