
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി നിരവധി പ്രവാസി സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കും.
കോവിഡ്മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽപെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും ലഭിക്കില്ലെന്ന കാര്യം കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പരിഗണിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി ആശ്വാസകരമാണ്.
എന്നാൽ ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ പല പ്രതിസന്ധിഘട്ടങ്ങളിലും അധികാരികൾ വിസ്മരിക്കുന്നതായും പ്രവാസ ലോകത്ത് ആക്ഷേപം ഉയരുന്നുണ്ട്. മാർഗനിർദേശം പുറപ്പെടുവിക്കുേമ്പാൾ പ്രവാസികളെയും ഉൾപ്പെടുത്താൻ ഡൽഹിയിലുള്ള അഭിഭാഷകർ മുഖേന പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു. പരിഹാരം കണ്ടില്ലെങ്കിൽ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി അറിയിച്ചു. പ്രവാസികളെ കോടതിവിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താൻ ഒപ്പുശേഖരണം നടത്തുമെന്ന് ഷാർജ മലയാളി കൂട്ടായ്മ വ്യക്തമാക്കി. കുടുംബനാഥെൻറ വേർപാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്നു കാട്ടി കേന്ദ്രസർക്കാറിനും 28 സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എതിരെ പൊതുതാൽപര്യ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിയ്ക്കും.
കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എംഎ യൂസുഫലി. ഇവരെക്കൂടി കേരളം തയാറാക്കുന്ന പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. അബൂദബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാൽ മുഖ്യമന്ത്രിക്ക് അയക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്താൻ തയാറാണെന്നും യൂസുഫലി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല