
സ്വന്തം ലേഖകൻ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം മുംബൈയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 40 വയസില്‍ താഴെയുള്ള മൂന്ന് പേരാണ് മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ എ.വി.എന്‍ ബാധിച്ച് ചികിത്സ തേടിയത്.
കാല്‍തുടയുടെ അസ്ഥിയിലാണ് ഇവര്‍ക്ക് വേദനയുണ്ടായത്. ഇവര്‍ക്ക് കോവിഡ് ബാധിച്ചത് രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. മൂവരും ഡോക്ടര്‍മാരായതിനാല്‍ നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടുകയായിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ.സഞ്ജയ് അഗര്‍വാല പറഞ്ഞു.
ബ്ലാക്ക് ഫംഗസിനു സമാനമായി സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കുന്നവരിലാണ് അസ്ഥി മരണത്തിന് സാധ്യത. കോവിഡ് രോഗികളില്‍ ജീവന്‍ രക്ഷിക്കുന്ന കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് എ.വി.എന്‍ കേസുകള്‍ കൂടാന്‍ കാരണമാകുന്നുവെന്നും ഡോ.അഗര്‍വാല ‘ബി.എം.ജെ കേസ് സ്റ്റഡീസ്’ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.
ഇതിനുപുറമെ പരിക്ക്, പൊട്ടല്‍, രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കല്‍ എന്നിവയും എ.വി.എന്നിനു കാരണമാകാം. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്‍ണമായോ രക്തയോട്ടം നിലയ്ക്കുന്നതാണ് എ.വി.എന്‍ എന്ന രോഗാവസ്ഥ. ഇത് അസ്ഥികോശങ്ങള്‍ നശിക്കുന്നതിനും അസ്ഥികള്‍ പ്രവര്‍ത്തന രഹിതമാകുന്നതിനും കാരണമാകുന്നു.
സന്ധികളെയും ഇത് ബാധിക്കാം. സന്ധി വേദനയാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പത്തില്‍ സുഖപ്പെടുത്താവുന്നതാണ് എ.വി.എന്‍. അങ്ങനെയെങ്കില്‍ ശസ്ത്രക്രിയയും ഒഴിവാക്കാമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല