1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2021

സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് കോവിഡ് പരിശോധനാകേന്ദ്രം ആരംഭിച്ചതോടെ തിങ്കളാഴ്ച മാത്രമായി 146 പേർ യുഎഇയിലെത്തി. തിങ്കളാഴ്ച രാവിലെ 8.15-ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് ഇത്രയുംപേർ യുഎഇയിലെത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന്റെ ഇടപെടലിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധനാകേന്ദ്രം തുടങ്ങിയത്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28-നാണ് സിയാലിൽ സ്ഥാപിച്ചത്. സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപ്പിഡ് പരിശോധനാകേന്ദ്രത്തിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളിൽ ഫലം ലഭ്യമാവുകയുംചെയ്യും. യുഎഇ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവർക്കാണ് നിലവിൽ റാപ്പിഡ്-പി.സി.ആർ. ഉൾപ്പെടെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് യാത്ര പോകാവുന്നത്.

പ്രത്യേക അനുമതി എന്ന നിബന്ധനയിൽ വൈകാതെ ഇളവു വരുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇത്തരത്തിൽ യാത്ര ചെയ്യാൻ അപേക്ഷകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. റാപ്പിഡ് കോവിഡ് പരിശോധനാ സംവിധാനം കേരളത്തിലെ വിമാനത്താവളങ്ങളിൽ നിലവിലില്ലെന്ന കാരണത്താൽ വിമാന യാത്രാ വിലക്ക് നേരിട്ടിരിക്കുകയായിരുന്നു പ്രവാസികൾ.

യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ജൂൺ 23 മുതൽ യാത്രചെയ്യാമെന്ന് ദുബായ് സുപ്രീം അതോറിറ്റി ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ദുബായ് പുറപ്പെടുവിച്ച യാത്രാമാനദണ്ഡങ്ങളിൽ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലത്തോടൊപ്പം യാത്രയ്ക്ക് നാലുമണിക്കൂറിനുള്ളിൽ റാപ്പിഡ് പരിശോധനകൂടി നടത്തണമെന്ന നിബന്ധനയുണ്ടായിരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് കേന്ദ്രങ്ങളില്ലാത്തത് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കി. ആശയക്കുഴപ്പം വർധിച്ചതോടെ വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, സിൽവർ വിസയുള്ളവർ, ബിസിനസുകാർ, പാർട്‌ണർ വിസയുള്ളവർ എന്നിവർക്ക് ഇളവുകളോടെ യുഎഇയിലേക്ക് വരാം. ഇവർ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.

കൂടാതെ, പ്രത്യേക അനുമതി നേടുന്നത് എങ്ങനെയെന്ന കാര്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതരും വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, പ്രത്യേക അനുമതിയോടെ ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് യുഎഇ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരും ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശ യാത്ര സാധ്യമാവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.