
സ്വന്തം ലേഖകൻ: സിനോഫാം വാക്സീൻ രണ്ടു ഡോസ് എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇതു അനിവാര്യമാണെന്ന് ഫെഡറൽ ഗവൺമെന്റിലെ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
ബൂസ്റ്റർ ഡോസിനായി റജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാൻ കൂടിയാണ് പുതിയ വാക്സീൻ ബൂസ്റ്റർ ഡോസായി കുത്തിവയ്ക്കുന്നത്. വകഭേദങ്ങളുടെ തീവ്രതയനുസരിച്ച് ചികിത്സയിലും ക്വാറന്റീനിലും സമയബന്ധിതമായി മാറ്റം വരുത്തും.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ക്വാറന്റീൻ കൂട്ടിയതെന്നും സൂചിപ്പിച്ചു. വാക്സീൻ എടുത്തവർക്ക് 7 ദിവസവും എടുക്കാത്തവർക്ക് 12 ദിവസവുമാണ് ക്വാറന്റീൻ.വാക്സീൻ വ്യാപകമാക്കിയതോടെ പുതിയ രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടെന്നും ഫരീദ അൽ ഹൊസാനി പറഞ്ഞു.
വാക്സീൻ എടുക്കാത്തവരിലാണ് പുതിയ വകഭേദം കൂടുതൽ അപകടകാരിയാകുന്നത്. അതുകൊണ്ടുതന്നെ ശേഷിച്ചവർ എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല