
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണു ബൈഡൻ പിൻവലിക്കുന്നത്.
അഫ്ഗാൻ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രം നിർമ്മിച്ചു നൽകുന്ന ഉത്തരവാദിത്വം അമേരിക്കക്ക് ഏറ്റെടുക്കുവാൻ കഴിയുകയില്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ എംബസിക്കു സുരക്ഷ നൽകുന്നതിന് ആവശ്യമായ സേനയെ അവിടെ വിന്യസിക്കുമെന്നും ബൈഡൻ പറഞ്ഞു.
സെപ്റ്റംബർ 11 നായിരുന്നു ബൈഡൻ നേരത്തെ സേനാ പിന്മാറ്റത്തിനു നിശ്ചയിച്ചിരുന്നത്. ബൈഡന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽ പിടിമുറുക്കുന്നതിനു താലിബാൻ തയാറെടുക്കുകയാണ്. മറ്റൊരു യുദ്ധത്തിന് അമേരിക്കൻ തലമുറയെ ഇനി അഫ്ഗാനിസ്ഥാനിലേക്കു അയയ്ക്കുന്നതിന് ഞാൻ തയ്യാറല്ല. എന്നാൽ അഫ്ഗാനിസ്ഥാനാവശ്യമായ മാനുഷിക, സാമ്പത്തിക സഹായങ്ങൾ തുടരുമെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനുള്ള ബൈഡന്റെ തീരുമാനത്തെ ബുദ്ധി ശുന്യമായ നടപടിയാണെന്നാണ് സെനറ്റർ ലിൻഡ്സി ഗ്രഹാം വിശേഷിപ്പിച്ചത്. അൽ ഖായിദയുടേയും ഐസിഎസിന്റേയും സ്വാധീനം അഫ്ഗാനിസ്ഥാനിൽ വർധിക്കുന്നത് അമേരിക്കയുടെ സുരക്ഷിതത്വത്തിനു അപകടമാണെന്ന് ലിൻഡ്സി ചൂണ്ടികാട്ടി.
ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ താലിബാനും അൽ ഖായിദയും അമേരിക്കൻ സൈന്യങ്ങൾക്കു നേരെ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കരാർ ഒപ്പിട്ടിരുന്നതായും ലിൻഡസി വെളിപ്പെടുത്തി. അതേസമയം 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുളള ശ്രമം താലിബാൻ വേഗത്തിലാക്കിയതായാണ് റിപ്പോർട്ടുകൾ.
അഫ്ഗാൻ സേനയ്ക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയ ശേഷം ഇപ്പോൾ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിന്റെ തലസ്ഥാനമായ ക്വല ഇ നവിൽ താലിബാൻ ശക്തമായ ആക്രമണം തുടങ്ങിയിരിക്കുകയാണ്. നഗരവാസികളിൽ ഇത് വലിയ പരിഭ്രാന്തിയുണ്ടാക്കിയതായും ആക്രമണം പ്രദേശത്തെ ജയിലിൽ തകർത്തതിനാൽ നിരവധി കൊടും കുറ്റവാളികൾ തടവുകാർ തടവ് ചാടി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി.
2001ൽ താലിബാനെ പരാജയപ്പെടുത്താൻ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും സാധിച്ച രാജ്യത്തെ വടക്കൻ ഭാഗത്താണ് താലിബാൻ ശക്തിയായി നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് അമേരിക്കൻ, നാറ്റോ സഖ്യസേന പൂർണമായും പിന്മാറിക്കഴിഞ്ഞു. 421 ജില്ലകളും ജില്ലാ കേന്ദ്രങ്ങളുമുളള രാജ്യത്ത് മൂന്നിലൊന്നും ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്.
യുദ്ധം വളരെ പ്രയാസകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അഫ്ഗാനിസ്ഥാനെ പ്രതിരോധിക്കാൻ സേനകൾ പരമാവധി ശ്രമിക്കുകയാണെന്നും പ്രതിരോധ മന്ത്രി ബിസ്മില്ലാ മൊഹമ്മദി പറഞ്ഞു. രാജ്യത്തെ സ്ഥിതി പരിഹരിക്കാൻ മദ്ധ്യസ്ഥ ശ്രമത്തിന് തയ്യാറാണെന്ന് ഇറാൻ കഴിഞ്ഞ ദിവസം താലിബാനെയും അഫ്ഗാൻ സർക്കാരിനെയും അറിയിച്ചിരുന്നു. കലാപകലുഷിതമായ അഫ്ഗാനിൽ സമാധാനത്തിനാണ് ഇറാനും താൽപര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല