
സ്വന്തം ലേഖകൻ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികള്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും വ്യവസ്ഥകളോടെ ഹോം ക്വാറന്റീനില്‍ കഴിയാം. എല്ലാ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന, വാക്‌സീനെടുക്കാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാക്‌സിൻ എടുത്തവരാണെങ്കിൽ ഹോം ക്വാറന്റീന്‍ അനുവദിക്കും. പുതിയ വ്യവസ്ഥകള്‍ ഈ മാസം 12 മുതല്‍ പ്രാബല്യത്തിലാകും.
പൊതുജനാരോഗ്യമന്ത്രാലയമാണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവു പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരം ഖത്തറില്‍ വച്ച് രണ്ടാമത്തെ ഡോസ് വാക്‌സീനെടുത്തവരില്‍ 14 ദിവസം പൂര്‍ത്തിയാകാത്തവര്‍, വാക്‌സീനെടുക്കാത്ത 75 ഉം അതിനു മുകളിലും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ഹോം ക്വാറന്റീന്‍ അനുവദിച്ചിരിക്കുന്നത്.
ഖത്തറില്‍വെച്ച് രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ക്ക് ഏഴു ദിവസമാണ് ക്വാറന്റീന്‍. ഏഴു ദിവസം അല്ലെങ്കില്‍ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണോ ഏതാണോ ചെറിയ കാലയളവ് എന്നതു പ്രകാരം ക്വാറന്റീന്‍ തിരഞ്ഞെടുക്കാം.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും (രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍) വാക്‌സിനേഷന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയ ഭര്‍ത്താവ് അല്ലെങ്കില്‍ ഒരേ കുടുംബത്തിലെ അംഗമായ ബന്ധുവിനൊപ്പമോ ആണ് എത്തുന്നതെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയാം.
ഖത്തര്‍ സര്‍ക്കാരിന്റെ ചെലവില്‍ വിദേശ ചികിത്സയ്ക്ക് പോയി മടങ്ങിയെത്തുന്ന വാക്‌സീനെടുക്കാത്ത രോഗികള്‍ക്കും അവര്‍ക്കൊപ്പമുള്ള ഒരേ കുടുംബത്തിലെ ഒരംഗത്തിനും ഹോം ക്വാറന്റീനില്‍ കഴിയാം. രോഗിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് മന്ത്രാലയത്തിന്റെ പരിശോധനകള്‍ക്ക് ശേഷമാകും ഹോം ക്വാറന്റീന്‍ അനുവദിക്കുക.
ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന എല്ലാ വിഭാഗക്കാരും ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുമെന്നതു സംബന്ധിച്ച് എഴുതി ഒപ്പിട്ട് നല്‍കണം. 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ അല്ലെങ്കില്‍ ഗാര്‍ഡിയന്‍ വേണം ഒപ്പിട്ടു നല്‍കാന്‍.
ഈ മാസം 12 മുതല്‍ ഗ്രീന്‍, റെഡ്, യെല്ലോ വിഭാഗങ്ങളിലുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഖത്തര്‍ അംഗീകൃത വാക്‌സിന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയ സ്വദേശി, പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയ വ്യവസ്ഥയും പ്രാബല്യത്തിലാകും. ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവിന്റെ കാലാവധി 12 മാസമാക്കി നീട്ടിയിട്ടുമുണ്ട്. ജൂലൈ 12 മുതല്‍ രാജ്യത്തേക്ക് വരുന്നവര്‍ ഇഹ്‌തെറാസ് വെബ്‌സൈറ്റില്‍ യാത്രയ്ക്ക് 12 മണിക്കൂര്‍ മുന്‍പ് യാത്രാ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിർബന്ധമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല