
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് സ്വാഗതവുമായി ദുബായ് എക്സ്പോ 2020 സ്റ്റാർട്ടപ്പ് ഹബ്ബ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങും. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ദുബായ് ടെക് ടൂർ’ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ പരിപാടികൾ സംഘടിപ്പിക്കും. ദുബായ് സംഘം ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.
ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിന്റെയും (ഡിടെക്) സംയുക്ത സംരംഭമായ ദുബായ് സ്റ്റാർട്ടപ്പ് ഹബിന്റെ ആഭിമുഖ്യത്തിലുള്ള ടെക് ടൂറിൽ ദുബായിലെ പൊതു-സ്വകാര്യ മേഖലയിലെ സംരംഭകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കാനാകും. വിവരങ്ങൾക്ക്: india@dubaichamber.com.
വിപണിയിലെ മാറ്റങ്ങൾ, നിയമകാര്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതിനൊപ്പം പ്രമുഖ കമ്പനികളുമായി സഹകരിക്കാൻ അവസരമൊരുക്കും. എക്സ്പോ ആകുമ്പോഴേക്കും കൂടുതൽ സംരംഭകരെ ആകർഷിക്കുകയാണു ലക്ഷ്യം. സംയുക്ത സംരംഭങ്ങൾ, വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനുള്ള കർമപരിപാടികൾ, പുതിയ സാങ്കേതിക വിദ്യകൾ, സംരംഭകരെ സഹായിക്കാനുള്ള സ്കെയിൽ അപ് ദുബായ്, യുവസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് ഊർജമേകാനുള്ള യൂത്ത് സ്റ്റേഷൻ തുടങ്ങിയവയെക്കുറിച്ചു സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ബിസിനസ് ഗ്രൂപ്പ്, ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്ത്യയിലെ ഇന്റർനാഷനൽ ഓഫിസ് പ്രതിനിധികൾ വിശദീകരിക്കും.
ഹൈടെക് സംരംഭങ്ങളുടെ കേന്ദ്രമായി മാറുന്ന എക്സ്പോ നഗരത്തിൽ വൻ അവസരങ്ങളൊരുക്കും. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരങ്ങൾ ലഭിക്കും. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണത്തിലൂടെ മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലയിലും വൻ മുന്നേറ്റം നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായിട്ടുണ്ട്.
ഡൽഹി, ബെംഗളൂരു അടക്കമുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ ‘ദുബായ് സ്റ്റാർട്ടപ്പ് ഹബ്’ നേരത്തേ നടത്തിയ റോഡ് ഷോകൾ വൻ വിജയമായിരുന്നു. ‘ഹബിൽ’ റജിസ്റ്റർ ചെയ്തവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. 38,000ൽ ഏറെ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് ചേംബേഴ്സിൽ അംഗത്വവുമുണ്ട്.
മികച്ച അവസരങ്ങളുമായി കടന്നു വരുന്ന യുവസംരംഭകർക്കു പരിശീലനവും മികച്ച അവസരങ്ങളും ലഭ്യമാക്കാൻ സ്കിൽ അപ് അക്കാദമി, സ്കെയിൽ അപ് പ്ലാറ്റ്ഫോം, ഗ്രോ യുഎഇ പദ്ധതികൾ തുടങ്ങുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
എക്സ്പോ 2020യിലെ ഇന്ത്യൻ പവലിയൻ ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2019 ആഗസ്റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയെൻറ നിർമാണം അവസാന ഘട്ടത്തിലാണ്.
8736 ചതുരശ്ര മീറ്ററിലുള്ള പവലിയെൻറ ഘടന പൂർത്തിയായി. ഇൻറീരിയർ ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. രാജ്യത്തിെൻറ 75 വർഷത്തെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യൻ പവിലിയൻ. നൂതന സാങ്കേതിക വിദ്യകൾക്കും ബിസിനസ് സാധ്യതകൾക്കും പവലിയൻ അവസരമൊരുക്കും. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റീം അൽ ഹാഷ്മി സംസാരിച്ചു.
എക്സ്പോ 2020 പടിവാതിക്കലെത്തി നിൽക്കെ ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീക്കേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ വ്യക്തമാക്കി. മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. വാക്സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി വേണം.
കോവിഡ് പരിശോധനക്കും വാക്സിനേഷനും യു.എ.ഇ സ്വീകരിച്ച നടപടികൾ അഭിനന്ദിച്ച അദ്ദേഹം, എക്സ്പോയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് സഹായിക്കുമെന്നും പറഞ്ഞു. ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്സിനുകൾക്ക് പരസ്പരം അനുമതി നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല