
സ്വന്തം ലേഖകൻ: പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണം മനുഷ്യരും മൃഗങ്ങളും ഒരുപോലെ അഭയാർഥികളായി മാറുന്ന ഇക്കാലത്ത് അപൂർവ നേട്ടവുമായി ബ്രസീലിയൻ ദമ്പതികൾ. സെബാസ്റ്റ്യാനോയും ലീലിയ സാൽഗഡോയും വിജനമായ ഭൂപ്രദേശത്തെ വനം പുനസ്ഥാപിച്ച് വന്യജീവികളുടെ പറുദീസയാക്കി മാറ്റിയാണ് അസാധ്യമെന്ന് കരുതിയ കാര്യം സാധ്യമാക്കിയത്.
ഫോട്ടോ ജേണലിസ്റ്റായിരുന്നു സെബാസ്റ്റ്യാനോ സാൽഗഡോ. 1994ൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ജന്മനാടായ ബ്രസീലിലേക്ക് മടങ്ങി. റുവാണ്ട വംശഹത്യയുടെ ഭീകരത ചിത്രങ്ങളായി രേഖപ്പെടുത്തുകയായിരുന്നു സെബാസ്റ്റ്യാനോ. ഈ ആഘാതകരമായ അനുഭവത്തിനുശേഷം പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് സമാധാനം നിറഞ്ഞ ജീവിതം അദ്ദേഹം ആഗ്രഹിച്ചു.
പക്ഷേ മിനാസ് ജെറൈസ് പ്രദേശത്തെ നിബിഡ വനം അപ്പോഴേക്കും വരണ്ടുണങ്ങിയ പൊടി നിറഞ്ഞ പ്രദേശമായി മാറിയിരുന്നു. വറ്റിപ്പോയ നദി. വന്യജീവികളുള്ളതിന്‍റെ ഒരു അടയാളവുമില്ല.. അവശേഷിച്ചത് 0.5% മരങ്ങള്‍ മാത്രം. ഇതുകണ്ട് സാൽഗഡോ ആകെ തകർന്നു. ഈ സമയത്ത് സാൽഗഡോയുടെ ഭാര്യ ലീലിയ അസാധ്യമെന്ന് തോന്നുന്ന ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. പരിശ്രമിച്ചാല്‍ ആ ഭൂമിയിലെ നിബിഡ വനം പുനസ്ഥാപിക്കാം എന്നായിരുന്നു ലീലിയയുടെ നിര്‍ദേശം. സെബാസ്റ്റ്യാനോ ലീലിയയെ പിന്തുണച്ചു, ദമ്പതികൾ ആ പ്രദേശം മുഴുവനും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചു.
1998ലാണ് സെബാസ്റ്റ്യാനോ-ലീലിയ ദമ്പതികള്‍ ആദ്യ വിത്ത് വിതച്ചത്. പക്ഷേ രണ്ട് പേര്‍ മാത്രം വിചാരിച്ചാല്‍ ആ വിശാലമായ ഭൂമിയില്‍ മരം നട്ടുവളര്‍ത്തല്‍ എളുപ്പമായിരുന്നില്ല. വിജനമായ 1,754 ഏക്കർ വനഭൂമി പുനസ്ഥാപിക്കുന്നതിനായി ദമ്പതികൾ 24 പേരെ നിയമിച്ചു. ചെടികള്‍ക്ക് ദോഷകരമായ കളകള്‍ പിഴുതെറിയുക, പുതിയ തൈകൾ നട്ടുപിടിപ്പിക്കുക, ചെടികള്‍ക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ജോലികള്‍ക്കായാണ് അവരെ നിയമിച്ചത്.
അതിനിടെ പരിസ്ഥിതി സ്നേഹികളായ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘത്തെ ദമ്പതികള്‍ അണിനിരത്തി. അങ്ങനെ വനം പുനസ്ഥാപിക്കല്‍ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാന്‍ തുടങ്ങി. കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാന്‍ ഇൻസ്റ്റിറ്റ്യൂട്ടോ ടെറ എന്ന പരിസ്ഥിതി സംഘടനയും തുടങ്ങി. ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടോ ടെറയുടെ പ്രധാന ലക്ഷ്യം.
വിദ്യാര്‍ഥികള്‍, അധ്യാപകർ, കര്‍ഷകര്‍, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ബോധവല്‍ക്കരണ സംഘത്തെയും രൂപീകരിച്ചു. വനനശീകരത്തിന്‍റെ ആഘാതം ബോധ്യപ്പെടുത്താന്‍ കര്‍ഷകര്‍ക്കും ഖനിത്തൊഴിലാളികൾക്കും വനമേഖലയിൽ ജോലി ചെയ്യുന്ന മറ്റ് ആളുകൾക്കും ഇൻസ്റ്റിറ്റ്യൂട്ടോ ടെറ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
സാൽഗഡോ ദമ്പതികളുടെ കഠിനാധ്വാനം ഫലം കണ്ടു- പ്രദേശം പതിറ്റാണ്ടുകളായി കനത്ത വനനശീകരണത്തിന് വിധേയമായിട്ടും പുതുതായി നട്ട തൈകള്‍ വളരെ വേഗം തഴച്ചുവളരാന്‍ തുടങ്ങി. ഇന്നവിടെ നിബിഡ വനമാണ്. 1998 മുതൽ ദമ്പതികൾ നട്ടുപിടിപ്പിച്ചത് 4 മില്യണ്‍ തൈകള്‍. 293 ഇനം മരങ്ങളാണ് 1,502 ഏക്കർ പ്രദേശത്ത് നട്ടുപിടിപ്പിച്ചത്. ആ തരിശുഭൂമി പച്ചപ്പുനിറഞ്ഞ പറുദീസയായി മാറി.
അരുവികളും തോടുകളുമെല്ലാം വെള്ളത്താല്‍ നിറഞ്ഞു. അതിശയകരമെന്നു പറയട്ടെ പുതിയ വനത്തിന്റെ ആവാസ വ്യവസ്ഥയിലേക്ക് വന്യമൃഗങ്ങള്‍ തിരിച്ചെത്തി. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും സുരക്ഷിതത്വമുമെല്ലാം അവിടെ ലഭിക്കുന്നു. 172 ഇനം പക്ഷികളും 33 തരം സസ്തനികളും 15 ഇനം ഉഭയജീവികളും ഉരഗങ്ങളുമെല്ലാം തിരികെയെത്തി. അവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല