
സ്വന്തം ലേഖകൻ: പെരുന്നാൾ സീസണിലും തിരക്കൊഴിഞ്ഞ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ. തിരക്കേറിയ സീസണായ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയരുമായിരുന്നു. എന്നാൽ ഇപ്പോൾ 500 ദിർഹത്തിന് ടിക്കറ്റുണ്ടായിട്ടും പാതി സീറ്റുകളിലും ആളില്ലാതെയാണ് പറക്കുന്നത്. കേരളത്തിലെ കോവിഡ് വർധനയും നാട്ടിൽ പോയാൽ തിരിച്ചുവരാനാവാതെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് പലരും യാത്ര വേണ്ടന്നുവയ്ക്കാൻ കാരണം.
യുഎഇയിലേക്കുള്ള യാത്രാ വിലക്കാണ് പ്രധാന പ്രതിസന്ധി. ട്രാവൽ ഏജൻസികളും യാത്രക്കാരെ തേടി അലയുകയാണ്. കോവിഡ് ഏറ്റവും കൂടുതൽ വരിഞ്ഞുമുറുക്കിയത് ട്രാവൽ ഏജൻസികളെ തന്നെ. ചില സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു. ദുബായ് എക്സ്പൊയ്ക്ക് മുന്നോടിയായി യാത്രാ നിയന്ത്രണം മാറുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
നാട്ടിലേക്കുള്ള വിമാനങ്ങളിൽ 25–50 യാത്രക്കാരാണ് ഇപ്പോഴുള്ളത്. ഇതുമൂലം ഷെഡ്യൂൾ ചെയ്ത പല വിമാനങ്ങളും റദ്ദാക്കി രണ്ടോ മൂന്നോ സർവീസുകളിലെ വിമാനങ്ങളിലെ യാത്രക്കാരെ ചേർത്ത് ഒരു ദിവസം സർവീസ് നടത്തുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റു വഴികളില്ലെന്നാണ് എയർലൈനുകൾ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല