
സ്വന്തം ലേഖകൻ: അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കുറ്റത്തിനു മുൻ പ്രസിഡന്റ് ജേക്കബ് സുമ അറസ്റ്റിലായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിൽ കൊള്ളയും കലാപവും വ്യാപിക്കുന്നു. അക്രമങ്ങളിലും സൂപ്പർ മാർക്കറ്റുകളിൽ നിന്നു സാധനങ്ങൾ കടത്തുന്നതിനിടെയുണ്ടായ തിരക്കിലുമായി ഇതുവരെ 72 പേർ മരിച്ചു.
കോവിഡ് നിയന്ത്രണം മൂലം രൂക്ഷമായ ദാരിദ്ര്യത്തിനും പട്ടിണിക്കുമിടെ കിട്ടാവുന്നിടത്തോളം സാധനങ്ങൾ വാരിക്കൂട്ടി വീട്ടിലേക്കോടാൻ ജനങ്ങൾ തിക്കിത്തിരക്കിയ ഗോട്ടെങ്ങിലെ ഷോപ്പിങ് സെന്ററിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു. കൊള്ള നടത്താൻ ചിലർ അക്രമമുണ്ടാക്കുകയാണെന്നു പ്രസിഡന്റ് സിറിൽ റാമഫോസ വിമർശിച്ചു. 757 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
സുമയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്വാസുളു–നേറ്റാൾ പ്രവിശ്യയിലാണു സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ആദ്യം തുടങ്ങിയത്. മണിക്കൂറുകൾക്കകം ഗോട്ടെങ് പ്രവിശ്യ വരെ കത്തിപ്പടർന്നു. ജനങ്ങൾ തെരുവിലേക്കിറങ്ങി. രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടി.
ആൾക്കൂട്ടം നിയന്ത്രിക്കാൻ പാടുപെട്ട പൊലീസ് സേനയ്ക്കു സഹായവുമായി പട്ടാളം രംഗത്തിറങ്ങി. ഡർബനിലും ജൊഹാനസ്ബർഗിലുമെല്ലാം ആളുകൾ ട്രക്കുകളിലെത്തി കടകൾ അടിച്ചു തകർത്തു തീയിട്ട ശേഷം സാധനങ്ങൾ മോഷ്ടിച്ചു. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ വരെ അടിച്ചു തകർത്തു.
കടുത്ത ദാരിദ്രവും അരക്ഷിതാവസ്ഥയുമായാണ് രാജ്യത്ത് ആഭ്യന്തസഘർഷം രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം ഷോപ്പിങ് മാളുകള്‍ കൊള്ളയടിച്ചു. ചില്ലറ വില്പനശാലകളിലും ആളുകള്‍ കൊള്ള നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. തടയാനെത്തിയ പൊലീസിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.
ഭരണത്തിലുള്ള ആഫ്രിക്കൻ നാഷനൽ കോൺഗ്രസിലെ റാമഫോസ വിഭാഗം രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് സുമയെ പിന്തുണച്ചു പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പാർട്ടി പ്രവർത്തകർ പറയുന്നു. അഴിമതിക്കേസുകളിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാണ് സുമയെ 15 മാസത്തെ തടവിനു ശിക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല