1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2021

സ്വന്തം ലേഖകൻ: രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും 100 ലധികം ആളുകള്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചലും നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ടു അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി.

കൂടാതെ വീടുകള്‍, കെട്ടിടങ്ങള്‍ നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപോവുകയും ചെയ്തു. ഈ മേഖലകളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. രണ്ട് ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. കരകവിഞ്ഞതിനെ തുടര്‍ന്ന് റൈന്‍ നദിയിലേയും അഹര്‍ നദിയിലേയും ഗതാഗതം നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളിലുള്ള ഒട്ടേറെ വീടുകള്‍ നശിച്ചു. ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബല്‍ജിയത്തിലെ ലീജിലും സമാനരീതിയില്‍ നാശനഷ്ടമുണ്ടായി. നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മന്‍ സൈന്യം 700 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെശക്തി കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍.

പ്രളയത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും വീട്ടുകാരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ആശ്വസിപ്പിച്ചു. അപ്രതീക്ഷിത ദുരന്തം തന്നെ ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 200 വര്‍ഷത്തിനിടെ മഴ ഇത്രയും കനത്തില്‍ പെയ്യുന്നത് ആദ്യമായാണെന്ന് പോട്‍സ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡയറ്റര്‍ ഗെര്‍ട്ടന്‍ പറഞ്ഞു.

യൂറോപ്പിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിന് കാരണം ‘മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം’ എന്ന് ആഗോള കാലാവസ്ഥാ ഓഫീസ് വ്യക്തമാക്കി. ബെല്‍ജിയം, ജര്‍മ്മി രാജ്യങ്ങളിലെ പ്രളയം മാത്രമല്ല, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില, വിനാശകരമായ കാട്ടുതീ എന്നിവയ്ക്കും മനുഷ്യന്‍ കൈകടത്തില്‍ കാരണമുണ്ടായ കാലവാസ്ഥാ വ്യതിയാനമാണെന്നും ആഗോള കാലാവസ്ഥാ ഓഫീസ് തുറന്നടിച്ചു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

“ജര്‍മനിയിലും ബെല്‍ജിയത്തിലും നിരവധി ജീവനുകള്‍ പൊലിഞ്ഞു. പക്ഷേ, അതൊന്നും വെള്ളപ്പൊക്കം കൊണ്ട് മാത്രം സംഭവിച്ചതല്ല, സ്‌കാന്‍ഡിനേവിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്തചൂട്, വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ച സൈബീരിയയില്‍ നിന്നുള്ള പുക എന്നിവയും ജീവഹാനിക്ക് കാരണമായി,” ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡബ്ല്യു.എം.ഒ ഉദ്യോഗസ്ഥന്‍ ക്ലെയര്‍ നുള്ളിസ്, ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടി.

ജൂണ്‍ അവസാനത്തോടെ യുഎസിന്‍റെയും കാനഡയുടെയും ഭാഗങ്ങളില്‍ കണ്ട അതിശയിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകര്‍ വിശദമായ സര്‍വ്വേ നടത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.