1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗ്രാമങ്ങളിൽ ആക്രമണം നടത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം തട്ടിക്കൊണ്ട് പോയിരുന്നു. ലൈംഗിക അടിമകളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരിൽ ഭൂരിഭാഗം പേരെയും കടത്തിക്കൊണ്ട് പോയത്.

15 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 45 വയസിൽ താഴെയുള്ള വിധവകളായ സ്ത്രീകളുടെയും വിവരങ്ങൾ കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ ഇമാമുമാരോടും മൊല്ലമാരോടുമാണ് ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷൻ നോട്ടീസ് മുഖേനെയാണ് നിർദേശം നൽകിയിരിക്കുന്നത്.

യുഎസ് സൈന്യം പിന്മാറിയതോടെ ഗ്രാമപ്രദേശങ്ങളിലടക്കം താലിബാൻ സ്വാധീനം ശക്തമാക്കി. ഭയം മൂലം ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ട് പോകലടക്കമുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ പെൺകുട്ടികൾ വീടുകളിൽ തന്നെ തുടരുകയാണ്.

പാകിസ്ഥാൻ, ഇറാൻ, ഉസ്ബകിസ്ഥാൻ, തജക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംഘം കടന്ന് കയറിയിരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ്റെ പിന്തുണയോടെയാണ് താലിബാൻ്റെ പ്രവർത്തനമെന്ന വാദം ശക്തമാകുകയാണ്.

പാക് സൈന്യത്തിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും നിർദേശങ്ങളനുസരിച്ചാണ് താലിബാൻ പ്രവർത്തിക്കുന്നതെന്ന് കാബൂൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ദി കാബൂൾ ടൈംസ്’ വ്യക്തമാക്കി. പത്രത്തിൻ്റെ മുഖപ്രസംഗത്തിലാണ് ഈ പരാമർശം ഉണ്ടായിരുന്നത്. താലിബാൻ നേതാക്കൾക്ക് വൈദ്യസഹായം അടക്കമുള്ളവ അടിയന്തര സഹായം പാകിസ്ഥാൻ സർക്കാർ ചെയ്ത് നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.