
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവേശന, ക്വാറന്റീൻ നയങ്ങൾ പുതുക്കിയതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി കുടുംബങ്ങൾ മധ്യവേനൽ അവധിക്കായി നാട്ടിലേക്ക്. ഒപ്പം യാത്രാ നിരക്കു വർധിപ്പിച്ച് വിമാന കമ്പനികളും. ദോഹയിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ചെലവിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയെ തുടർന്ന് സ്‌കൂൾ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ഖത്തറിൽ തുടർന്ന ഒട്ടേറെ പ്രവാസി കുടുംബങ്ങൾക്കാണ് പുതിയ തീരുമാനം ആശ്വാസമായത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ 12 ലെ പുതിയ പ്രഖ്യാപന പ്രകാരം കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്ക് രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല. ഖത്തർ ഐഡിയുള്ള, വാക്‌സിനേഷൻ പൂർത്തിയാക്കിയ മാതാപിതാക്കൾക്കൊപ്പം മടങ്ങിയെത്തുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഹോം ക്വാറന്റീൻ മതിയെന്ന വ്യവസ്ഥയും പ്രവാസികൾക്ക് അവധിക്കാല യാത്ര എളുപ്പമാക്കി.
വിമാന ടിക്കറ്റ് നിരക്കും തിരിച്ചെത്തുമ്പോഴുള്ള ക്വാറന്റീൻ വ്യവസ്ഥയും വൻ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാൽ ദോഹയിൽ തന്നെ അവധി ചെലവിടാൻ തീരുമാനിച്ച പ്രവാസി കുടുംബങ്ങളും കുറവല്ല. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഇവരിൽ മിക്കവരും നാടെത്തിക്കഴിഞ്ഞു. ജോർജിയ പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിയാഘോഷത്തിന് പോയവരും ധാരാളം.
ഖത്തർ പ്രവാസികൾക്ക് ക്വാറന്റീൻ രഹിത പ്രവേശനമാണ് ജോർജിയ നൽകുന്നത്. മിക്ക ട്രാവൽ ഏജൻസികളും ബജറ്റ് ഫ്രണ്ട്‌ലി ജോർജിയൻ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിലേക്കുള്ള യാത്രക്കാർ വർധിച്ചതോടെ ഈ മാസം 15ന് ശേഷം ദോഹയിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനയാണുള്ളത്.
ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 10,000-15,000 ഇന്ത്യൻ രൂപ ആയിരുന്നത് ഇപ്പോൾ 30,000 രൂപയിലധികമാണ്. ഓഗസ്റ്റ് അവസാനത്തോടെ അവധിക്ക് പോയവർ ദോഹയിലേക്ക് മടങ്ങിയെത്തുന്നതോടെ കേരളത്തിൽ നിന്നുള്ള നിരക്കും വർധിക്കും. അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾക്ക് ഓഗസ്റ്റ് അവസാന വാരം ക്ലാസുകൾ പുനരാരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല