
സ്വന്തം ലേഖകൻ: പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‍വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ ഹാക് ചെയ്ത് വിവരങ്ങൾ ചോ൪ത്തി സ്വയം ഇല്ലാതാവുന്ന സോഫ്റ്റ്‍വെയറാണ് ഇസ്രയേൽ നി൪മിതമായ പെഗാസസ്.
സ൪ക്കാരിനോ സ൪ക്കാ൪ ഏജൻസികൾക്കോ മാത്രമേ പെഗാസസ് കൈമാറൂവെന്നാണ് സോഫ്റ്റ്‍വെയ൪ നി൪മാണ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ നയം. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ പ്രമുഖരുടേതടങ്ങുന്ന മൂന്നോറോളം പേരുടെ ഫോൺ ചോ൪ത്തിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമാകുന്നത്.
പാരീസ് ആസ്ഥാനമായ ഫോ൪ബിഡൻ സ്റ്റോറീസും ആംനസ്റ്റി ഇന്റ൪നാഷണലും തയ്യാറാക്കിയ റിപ്പോ൪ട്ടിലാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ. ഇതിൽ പലരുടെയും ഫോണുകളിൽ പെഗാസസ് ഇൻഫെക്ഷൻ നടന്നിട്ടുണ്ടെന്ന് ആംനസറ്റി ഇന്‍റ൪നാഷണൽ സെക്യൂരിറ്റി ലാബിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തു.
നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ രണ്ട് പേ൪, ഭരണഘടന പദവിയിലിരിക്കുന്ന ഒരാൾ, സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി എന്നിവ൪ക്ക് പുറമെ ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ദി വയ൪, ദി ഹിന്ദു തുടങ്ങി രാജ്യത്തെ പ്രമുഖ പത്രങ്ങളിലെ 40 മാധ്യമപ്രവ൪ത്തകരും, മലയാളി അധ്യാപകൻ ഹാനി ബാബു അടക്കം ഭീമ കൊറഗാവ് കേസിൽ എൻ.ഐ.എ തടവിലിട്ട ആക്ടിവിസ്റ്റുകളും ചോ൪ത്തലിന് ഇരയായതായാണ് സൂചന.
വിഷയത്തിൽ പ്രതിപക്ഷ നേതാക്കള്‍ വലിയ തരത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. സ൪ക്കാരിന്‍റെ സത്യസന്ധത ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രി അമിത്ഷാ തന്നെ വിശദീകരണം നൽകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ട്വീറ്റ് ചെയ്തു.
എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡമുണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താല്‍പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂ എന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു.
പ്രഹരശേഷി കൂടുതലുള്ള ഒരു സ്പൈവെയറാണ് പെഗാസസ്. ഒരു ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്തയുടൻ, അത് നിയന്ത്രണ സെർവറുകളുമായി ബന്ധപ്പെടാൻ തുടങ്ങുന്നു. തുടർന്ന് ഉപകരണത്തിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിന് കമാൻഡുകൾ റിലേ ചെയ്യാൻ കഴിയും. ഫോണിലെ/ഡിവൈസിലെ പാസ്‌വേഡുകൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കലണ്ടർ വിശദാംശങ്ങൾ, മെസ്സേജിങ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച് നടത്തിയ വോയ്‌സ് കോളുകൾ എന്നിങ്ങനെയുള്ള വിവരങ്ങൾ പെഗാസസിന് മോഷ്‌ടിക്കാൻ കഴിയും.
മാത്രമല്ല ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് സ്‌നൂപ്പ് ചെയ്യാനും ലൈവ് ലൊക്കേഷൻ ട്രാക്കുചെയ്യുന്നതിന് ജിപിഎസ് ഉപയോഗിക്കാനും പെഗാസസിന് കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല