1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ദേശീയ വാക്‌സിനേഷന്‍ ക്യാംപയിന്‍ പൂര്‍ണതയോടടുക്കുന്നു. രാജ്യത്തിലെ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു.

ഖത്തറില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ വാക്‌സിനുകളില്‍ ഏതെങ്കിലുമൊന്നിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവരെയാണ് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചവരായി പരിഗണിക്കുക. ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കാംപയ്നില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 10 രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

കഴിഞ്ഞ ഡിസംബറില്‍ കൊവിഡിനെതിരായ ദേശീയ വാക്സിനേഷന്‍ കാംപയ്ന്‍ ആരംഭിച്ചതു മുതല്‍ 35,03,040 ഡോസ് വാക്സിനാണ് ഖത്തറില്‍ വിതരണം ചെയ്തത്. 19,06,753 പേര്‍ക്ക് ഒരു ചുരുങ്ങിയത് ഒരു ഡോസെങ്കിലും വാക്‌സിന്‍ ലഭിച്ചു. 15,96,287 പേര്‍ക്കാണ് രണ്ട് ഡോസും ലഭിച്ചത്. രാജ്യത്ത് 16 വയസ്സിനും അതിന് മുകളിലുമുള്ള 66 ശതമാനം പേര്‍ പൂര്‍ണമായും 78.4 ശതമാനം പേര്‍ ഒരു ഡോസും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വൈറസ് ബാധ കൂടുതല്‍ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 93.5 ശതമാനം പേരും പൂര്‍ണമായി വാക്‌സിന്‍ എടുത്തു. 98.6 ശതമാനം പേരും ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

വാക്‌സിന്‍ വിതരണത്തിലുണ്ടായ വന്‍ പുരോഗതിയിലൂടെ കൊവിഡ് വ്യാപനത്തെ വലിയ തോതില്‍ നിയന്ത്രിക്കാന്‍ ഖത്തറിന് സാധിച്ചു. നിലവില്‍ 100ല്‍ താഴെ പ്രതിദിന കേസുകള്‍ മാത്രമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.