
സ്വന്തം ലേഖകൻ: കുവൈത്തില്‍ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അധികം വൈകാതെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്വബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ റിദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വിവിധ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി.
ആരോഗ്യ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. ദൈവാനുഗ്രഹത്താല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മുറികളില്‍ ഇരുന്നു പഠനം നടത്താനുള്ള അവസരം ഉണ്ടാകും. പ്രതിരോധ കുത്തിവെപ്പ് യജ്ഞം ത്വരിതപ്പെടുത്തുന്നതിലൂടെ അടുത്ത രണ്ടു മാസത്തിനുള്ളില്‍ സാമൂഹ്യപ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 900 സ്കൂളുകൾ സെപ്റ്റംബറിൽ തു റക്കുമെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തിലേറെയായി പ്രവർത്തനം നിർത്തിവച്ച വിദ്യാലയങ്ങൾ സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി സംവിധാനങ്ങളൊക്കെ ഒരുക്കി വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സൗകര്യ-ആസൂത്രണ വിഭാഗം അസി.അണ്ടർ സെക്രട്ടറി യാസീൻ അൽ യാസീൻ അറിയിച്ചു.
സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കാൻ തീരുമാനമായെങ്കിലും പഠനം സംബന്ധിച്ച് 3 നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. 100% കുട്ടികളും സ്കൂളിൽ എത്തുന്ന സംവിധാനം, 50% കുട്ടികൾ ഓൺലൈനായും 50% സ്കൂളിൽ എത്തിയും പഠനം, 100% കുട്ടികളും ഓൺലൈനിൽ തുടരൽ എന്നിവയാണ് അവർ. സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാകും ഈ കാര്യത്തിൽ അന്തിമ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല