1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്.

മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി വെള്ളം കയറിയ​തോടെ പലരും ഓഫീസുകളിലും സ്​കൂളുകളിലും അപാർട്​മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു.

ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ്​ പെയ്​തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ സാംസ്കാരിക മേഖലയായ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമാണു ഷെങ്സൂ. 1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി സ്​ഥിതി ചെയ്യുന്നതും ഈ പട്ടണത്തിലാണ്.

​ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി. നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ്​ നടത്തുന്ന സബ്​വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്​മെന്‍റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട്​ ഏറെനേരം നിന്നതിനൊടുവിലാണ്​ യാത്രക്കാരെ രക്ഷപ്പെടുത്താനായത്. നിരവധി ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ടു.

വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഭൂഗർഭ ട്രെയിനുകളിലെ യാത്രക്കാർ രക്ഷപ്പെടാൻ പരക്കംപായുന്നതിന്റെ വിഡിയോകളും പുറത്തുവന്നു. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഹെനാനിലെ അണക്കെട്ട് നശിപ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ലുയങ് നഗരത്തിലെ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തകർത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.