1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം. നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർധന ലഭിക്കും. നേരത്തെ കേവലം ഒരു ശതമാനം മാത്രം ശമ്പള വർധന നടപ്പാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്നാൽ മൂന്നു ശതമാനം ശമ്പള വർധന അപര്യാപ്തമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും പല യൂണിയനുകളും. കുറഞ്ഞത് പന്ത്രണ്ടര ശതമാനം വർധനയാണ് ഇവരുടെ ആവശ്യം. സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന എൻഎച്ച്എസ് സ്റ്റാഫ് ഇത്തരമൊരു അസാധാരണമായ വർധന അർഹിക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം.

നഴ്സുമാർ, പാരാമെഡിക്സ്, കൺസൾട്ടന്റ്സ്, ഡന്റിസ്റ്റ്കൾ, ജിപികൾ എന്നിവർക്കെല്ലാം ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ മൂന്നുശതമാനം ശമ്പള വർധന ലഭിക്കും. സർക്കാരിന്റെ കണക്കനുസരിച്ച് ഒരു നഴ്സിന് പ്രതിവർഷം ശരാശരി ആയിരം പൗണ്ടിന്റെ വർധനയാണ് ഇതുവഴി ലഭിക്കുക. പോർട്ടർമാർ, ക്ലീനർമാർ തുടങ്ങിയ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫിനുപോലും ശരാശരി 540 പൗണ്ടിന്റെ വർധനയുണ്ടാകും.

സങ്കീർണമായ സാമ്പത്തിക സാഹചര്യത്തിൽ മറ്റു പബ്ലിക് സെക്ടർ ജീവനക്കാർക്കെല്ലാം ശമ്പളവർധന മരവിപ്പിക്കുമ്പോഴും എൻഎച്ച്എസ്. ജീവനക്കാരുടെ അസാധാരണമായ യത്നം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേജ് വ്യക്തമാക്കി.

മാർച്ചിൽ ബജറ്റ് സ്റ്റേറ്റ്മെന്റിന്റെ ഭാഗമായാണ് നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് വർക്കർമാർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് നിർദേശിച്ച ഒരുശതമാനത്തിന്റെ ശമ്പളവർധന സർക്കാർ അംഗീകരിച്ചത്. അധ്യാപകരും പൊലീസുകാരും ഫയർഫൈറ്റേഴ്സും ആംഡ് ഫോഴ്സും അടങ്ങുന്ന 13 ലക്ഷത്തിലേറെ മറ്റു സർക്കാർ ജോലിക്കാർക്ക് ശമ്പളവർധന ഒരുവർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു. 12.5 ശതമാനത്തിന്റെ വർധനയാണ് റോയൽ കോളജ് ഓഫ് നഴ്സിങും യൂണിസെനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും എൻഎച്ച്എസ് സ്റ്റാഫിന് 500 പൗണ്ട് പ്രത്യേക ബോണസ് അനുവദിച്ചിരുന്നു.വൈകിവന്ന ചെറിയ ഈ അംഗീകാരങ്ങൾ ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഉൾപ്പെടെ എൻഎച്ച്എസിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് സാമ്പത്തിക ആശ്വാസമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.