
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഗ്രീൻ ലെവൽ നിലവിൽ വരുന്നതോടെയാണിത്. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ മെഡിക്കൽ ടീം അറിയിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു.
പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞതിൻ്റെയും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയ്തതിൻ്റെയും അടിസ്ഥാനത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറാൻ അധിക്യതർ തീരുമാനമെടുത്തത്. ഗ്രീൻ ലെവൽ പ്രകാരം ഷോപ്പുകളിലും ഷോപ്പിംഗ് മാളുകളിലും വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാൻ സാധിക്കും. ഗ്രീൻ ലെവലിലും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് ജാഗ്രതാ നിർദേശങ്ങളിൽ വിട്ടുവീഴ്ച അരുതെന്നും അധിക്യതർ അറിയിച്ചിട്ടുണ്ട്.
വീടുകളിൽ സ്വകാര്യ ചടങ്ങുകളിലും ഔട്ട്ഡോർ ഇവൻറുകളിലും കോൺഫറൻസുകളിലും സർക്കാർ കേന്ദ്രങ്ങളിലും ഇവർക്ക് പങ്കെടുക്കാം. സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ , വിനോദ കേന്ദ്രങ്ങൾ എന്നിവയിലും പ്രവേശനം അനുവദിക്കും. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താമെന്നും ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം സാധ്യമാവുമെന്നും അധിക്യതർ അറിയിച്ചു.
റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാകൾ എന്നിവിടങ്ങളിലും പ്രവേശനം അനുവദിക്കും. സിനിമാ തിയേറ്ററുകൾ, ഇൻഡോർ കോൺഫറൻസുകളും പരിപാടികളും, ഇൻഡോർ സ്പോർട്സ് പരിപാടികൾ എന്നിവയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ്മുക്തർക്കും മാത്രമായിരിക്കും പ്രവേശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല