
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്‍ തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്‌സിന്‍ എടുത്ത വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു.
അതേസമയം ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ കുവൈത്തിൽ നിന്ന് ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ ‘ഓക്സ്ഫോർഡ് ആസ്ട്ര സെനക’ എന്നാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
ഓക്സ്ഫോർഡ് വാക്സിനെടുത്തവർക്കു വാക്സിനേഷൻ പോർട്ടലിൽ നിന്നു ഭേദഗതിയോട് കൂടിയ പുതിയ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
ചില രാജ്യങ്ങൾ ‘ഓക്സ്ഫോർഡ്’ എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫോർഡ് എന്നതിനൊപ്പം ‘ആസ്ട്രാസെനെക’ എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങിയത്.
നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് വാക്സിനേഷൻ പോർട്ടലിൽ നിന്ന് ഭേദഗതി വരുത്തിയ സർട്ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ചില രാജ്യങ്ങളിൽ ‘ആസ്ട്രസെനക’ എന്ന പേരിലാണ് വാക്സിൻ അംഗീകാരമുള്ളത്. ഇതുമൂലം ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് സർട്ടിഫിക്കറ്റിൽ രണ്ടു പേരുകളും ചേർക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല