1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള കുവൈറ്റ് സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പായ മുസാഫിറിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നിരവധി പേരുടെ യാത്ര മുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആരോഗ്യസുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ കുവൈറ്റ് സിവില്‍ ഏവിയേഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് മുസാഫിര്‍.

കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ അവരുടെ യാത്രാ വിവരങ്ങള്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ആപ്പില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതു പ്രകാരം വാക്‌സിന്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും വിമാനത്താവളത്തിലെ ആപ്പ് പ്ലാറ്റ്‌ഫോമില്‍ അത് കാണാനാവാത്തത് കാരണം പലരുടെയും യാത്ര മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

പലരും ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മുസാഫിര്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് എംപിമാര്‍ രംഗത്തെത്തി. ആപ്പിലെ പ്രശ്‌നങ്ങള്‍ കാരണം നിരവധി കുവൈറ്റ് പൗരന്‍മാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും വന്‍തുക നല്‍കി എടുത്ത ടിക്കറ്റ് പാഴായിപ്പോവുന്ന സ്ഥിതിയാണ് അവര്‍ നേരിടേണ്ടിവരുന്നതെന്നും എംപിമാരിലൊരാളായ ഹമദ് അല്‍ മത്താര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

യാത്രക്കാര്‍ക്കുണ്ടായ ഈ നഷ്ടം ആരാണ് വഹിക്കുക? അധികൃതരുടെ അപ്രായോഗികവും അപക്വവുമായ തീരുമാനങ്ങള്‍ കാരണമായാണ് കുവൈറ്റിലേക്കുള്ള യാത്രയ്ക്കു മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ആപ്പിന്റെ ഉപയോഗം നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കുള്ള വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളിലെ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആപ്പില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് നിയമം. അതോടൊപ്പം കുവൈറ്റില്‍ എത്തിയതിനു ശേഷം വിമാനത്താവളത്തില്‍ വച്ച് നടത്തേണ്ട പിസിആര്‍ ടെസ്റ്റിനുള്ള ഫീസ് അടയ്‌ക്കേണ്ടതും ആപ്പ് വഴിയാണ്.

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ഇതില്‍ അപ്‌ലോഡ് ചെയ്യണം. മെയ് 22 മുതല്‍ ഒരു വാക്‌സിനെങ്കിലും എടുത്ത കുവൈറ്റ് പൗരന്‍മാര്‍ക്കു മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാവൂ എന്ന് നിയമമുണ്ട്. എന്നാല്‍ ആഗസ്ത് ഒന്നു മുതല്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. കഴിഞ്ഞ ഏഴ് മാസമായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം ആഗസ്റ്റ്‌ ഒന്നു മുതല്‍ പിന്‍വലിക്കുമെന്നുമാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.