
സ്വന്തം ലേഖകൻ: ഇൗ വർഷത്തെ ഹജ് കർമങ്ങൾ അവസാനിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തീർഥാടകരുടെ മടക്കം പൂർത്തിയായി. വ്യാഴാഴ്ച (ദുൽഹജ് 12) രാത്രി മുതൽ ഭൂരിഭാഗം തീർഥാടകരും മക്കയിൽനിന്ന് യാത്ര തിരിച്ചിരുന്നു. വെള്ളിയാഴ്ചത്തെ (ദുൽഹജ് 13) കല്ലേറ് കൂടി പൂർത്തിയാക്കാൻ മിനയിൽ തങ്ങിയവരാണ് മസ്ജിദുൽ ഹറാമിലെത്തി വിടവാങ്ങൽ ത്വവാഫും നിർവഹിച്ചശേഷം യാത്ര തിരിച്ചത്.
വിടവാങ്ങൽ ത്വവാഫിന് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹറമിൽ ആവശ്യമായ സൗകര്യങ്ങൾ ഇരുഹറം കാര്യാലയവും ഹജ് സുരക്ഷ സേനയും ഒരുക്കിയിരുന്നു. ബസ്, ട്രെയിൻ, വിമാനം എന്നീ മാർഗങ്ങളിലാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് തീർഥാടകർ മടങ്ങിയത്. രാജ്യത്തെ പൗരന്മാരും വിദേശികളായ താമസക്കാരുമായി 60,000 ആളുകളാണ് കർശന ആരോഗ്യ മുൻകരുതലുകൾക്കും മികച്ച സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾക്കുമിടയിൽ സുരക്ഷിതമായി ഇൗ വർഷത്തെ ഹജ് നിർവഹിച്ച് തീർഥാടന പുണ്യം നേടി സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിയത്.
വിവിധ വകുപ്പുകൾക്ക് കീഴിലെ ഹജ് പ്രവർത്തന പദ്ധതികൾ വിജയകമായിരുന്നുവെന്ന് അതത് വകുപ്പ് മേധാവികൾ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഒരോ കർമങ്ങൾക്ക് പുറപ്പെടുേമ്പാഴും താമസ സ്ഥലങ്ങൾക്കടുത്തുനിന്നും തിരിച്ചും ബസ് സൗകര്യമൊരുക്കിയത് തീർഥാടകർക്ക് ഇത്തവണ വലിയ ആശ്വാസമാണുണ്ടാക്കിയത്. നൂതന സാേങ്കതിക വിദ്യകളും വ്യത്യസ്ത കളർ സോണുകളായി തിരിച്ചുള്ള ഒാപറേഷനും തിരക്ക് കുറക്കാനും സേവനങ്ങൾ വേഗത്തിലെത്തിക്കാനും സഹായിച്ചു.
ഹജ് തീർഥാടകരുടെ മടക്കയാത്രക്ക് 26 വിമാന സർവിസുകളൊരുക്കിയതായി ജിദ്ദ വിമാനത്താവള മേധാവി ഇസാം ഫുവാദ് നൂർ പറഞ്ഞു. ഏകശേദം 14,000 തീർഥാടകരുടെ മടക്കയാത്ര വിമാനത്തിലാണ്. ഷെഡ്യൂൾഡ് വിമാന സർവിസുകൾക്കു പുറമെ അധിക സർവിസുകളും പ്രത്യേക സർവിസുകളും ഏർപ്പെടുത്തിയാണ് തീർഥാടകരെ അവരുടെ പ്രദേശങ്ങളിലേക്ക് യാത്രയാക്കുന്നത്.
യാത്രാ നടപടികൾക്കായി 30 കൗണ്ടറുകളും ഹജ് സേവനരംഗത്ത് പരിചയമുള്ള ജീവനക്കാരെയും ഒരുക്കി. ലഗേജുകൾ വൈകാതിരിക്കാൻ പ്രത്യേക ലഗേജ് ബെൽറ്റുകളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവരെ വിമാനത്തിൽ കയറ്റി യാത്രയയക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ പ്രവർത്തിക്കാൻ പ്രത്യേക ഒാപറേഷൻ റൂം ഒരുക്കിയിട്ടുണ്ടെന്നും വിമാനത്താവള മേധാവി പറഞ്ഞു.
തീർഥാടകരുടെ മടക്കയാത്രക്ക് അൽഹറമൈൻ ട്രെയിനുകളും ഒരുങ്ങി. ജിദ്ദ, ജിദ്ദ വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലേക്ക് തീർഥാടകരെ എത്തിക്കാനാണ് അൽഹറമൈൻ ട്രെയിൻ സർവിസ് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഇൗ വർഷത്തെ ഹജ് കർമം വിജയകരമായി പൂർത്തിയായതിൽ വിവിധ രാഷ്ട്ര നേതാക്കളും ഗവർണർമാരും സംഘടനകളും സൗദി അറേബ്യയെ അഭിനന്ദിച്ചു.
ഹജ് കഴിഞ്ഞ് കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുേമ്പാൾ ക്വാറൻറീനോ കോവിഡ് പരിശോധനയോ നടത്തേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി പറഞ്ഞു. ഹജ് നിർവഹിച്ച് മടങ്ങിയെത്തിയ ചിലയാളുകളുടെ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് ഇക്കാര്യം കുറിച്ചത്.
എല്ലാ തീർഥാടകരും ഹജ് ജീവനക്കാരും തൊഴിലാളികളും കോവിഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. അതിനാൽ രണ്ടാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ കോവിഡ് പരിശോധനയോ ക്വാറൻറിനോ ആവശ്യമില്ലെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല