1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡിനെതിരായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തറില്‍ നിലവിലുള്ള കോവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ് പ്രതിദിന രോഗികളുടെ എണ്ണം 100ന് താഴെ എത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഭരണകൂടം തീരുമാനിച്ചത്. നാല് ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനായിരുന്നു മന്ത്രിസഭയുടെ നേരത്തേയുള്ള തീരുമാനം.

ഇതു പ്രകാരം മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നാലാം ഘട്ട ഇളവുകള്‍ പെട്ടെന്ന് പ്രഖ്യാപിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറില്‍ ഏതാനും ആഴ്ചകള്‍ക്കു ശേഷം പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ 200 കടന്നു. 225 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 108 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,25,747 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,376 ആയി.

അതേസമയം, രാജ്യത്ത് ഇന്നലെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 601 ആയി. 1770 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്നലെ രണ്ട് പേരെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ രാജ്യത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണം 27 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട 10 പേര്‍ ഉള്‍പ്പെടെ 77 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,305 ഡോസ് വാക്സിന്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. അതോടെ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 37,30,856 ആയി. രാജ്യത്ത് വാക്സിനേഷന് യോഗ്യരായ 81.9 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.