
സ്വന്തം ലേഖകൻ: പുലിറ്റ്സര്‍ പുരസ്കാര ജേതാവും വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. താലിബാനും അഫ്ഗാന് സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന് അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊന്നതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
റോയിട്ടേഴ്സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് ജോലി ചെയ്തിരുന്നത്. കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ എക്സാമിനറുടെ റിപ്പോര്‍ട്ട് പ്രകാരം- അഫ്ഗാന് സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുന്നത്.
അഫ്ഗാനിസ്ഥാന്-പാകിസ്താന് അതിര്‍ത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാന്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു യാത്ര. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോയപ്പോള്‍ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന് സൈന്യത്തിന്റെ സംഘം കൂട്ടംതെറ്റി.
കമാന്‍ഡറും കുറച്ചു സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാന് സൈനികര്‍ വേറൊരിടത്തും. ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു വെടിയുണ്ട ഏറ്റു. തുടര്‍ന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്ക്കിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് മോസ്കിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ, താലിബാന് അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാന് മോസ്ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു.
താലിബാന് പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന് സൈനിക കമാന്‍ഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാനിഷന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു ഫോട്ടോകളും ഡാനിഷിന്റെ മൃതദേഹത്തിന്റെ വീഡിയോയും പരിശോധിച്ചപ്പോള്‍ താലിബാന് അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചിരുന്നതായും ശേഷം നിരവധി തവണ വെടിയുതിര്‍ത്തതായും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ മൈക്കിള്‍ റൂബിന് പറഞ്ഞു.
യുദ്ധനിയമങ്ങളെയും മറ്റും മാനിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള താലിബാന്റെ തീരുമാനം വ്യക്തമാക്കുന്നതെന്നും വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
“വ്യാപകമായി പ്രചരിച്ച ഒരു പൊതു ഫോട്ടോ സിദ്ദിഖിയുടെ മുഖം തിരിച്ചറിയാവുന്നതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും, മറ്റ് ഫോട്ടോകളും സിദ്ദിഖിയുടെ മൃതദേഹത്തിന്റെ വീഡിയോയും ഞാൻ അവലോകനം ചെയ്തു. ഇന്ത്യൻ സർക്കാരിന്റെ ഒരു സ്രോതസ്സ് താലിബാൻ സിദ്ദിഖിയെ തലയ്ക്ക് അടിക്കുകയും തുടർന്ന് വെടിവെച്ച് കൊല്ലുകയുമായിരുന്നു. ശരീരത്തിൽ വെടിയുണ്ടകൾ കാണാമായിരുന്നു,” അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ ആയ ലേഖകൻ മൈക്കൽ റൂബിനും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല