1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ജസീറ എയർവേസ് വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി.
കുവൈത്ത് ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശമനുസരിച്ച് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുകളും കണക്ഷൻ വിമാന സർവീസുകളുമാണ് താത്കാലികമായി റദ്ദാക്കിയത്.

ഓഗസ്റ്റ് 10 വരെ എല്ലാ ബുക്കിങുകളും നിർത്തിവച്ചതായി വിമാന കമ്പനികൾ അറിയിച്ചു. കുവൈത്ത് എയർവേയ്‌സും സർവീസുകൾ നിർത്തിവെക്കുമെന്നാണ് സൂചന. വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പായെങ്കിലും ആശങ്കകൾ തുടരുകയാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് പ്രവാസികളെ അലട്ടുന്നത്. അതിനിടെയാണ് സർവീസുകൾ റദ്ദാക്കുന്നതായുള്ള ജസീറയുടെ പ്രഖ്യാപനം.

ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ആശങ്കപ്പെടേണ്ടെന്നും ആസ്ട്ര സേനക തന്നെയാണ് കോവിഷീല്‍ഡ് എന്ന് കുവൈത്ത് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസ്സി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ കമ്മിറ്റി തള്ളിയതായ വാര്‍ത്ത വന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അനിശ്ചിതാവസ്ഥ കാരണം ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാനും കഴിയുന്നില്ല. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തില്‍ എത്തേണ്ടവരാണ് ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ നല്ലൊരു ശതമാനവും. വാക്‌സിന്‍ വിഷയത്തിലെ അനിശ്ചിതത്വം ഇവരുടെ യാത്രക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.