
സ്വന്തം ലേഖകൻ: ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്‌സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന് ദോഹ സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് അറിയിച്ചത്.
പുതിയ വ്യവസ്ഥകള്‍ പ്രകാരം ഖത്തര്‍ ഐഡിയുള്ളവര്‍ ഇന്ത്യയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ ഖത്തറില്‍ നിന്നാണ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതെങ്കില്‍ അല്ലെങ്കില്‍ ഖത്തറില്‍ വച്ച് കോവിഡ് വന്നു ഭേദമായവരാണെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാണ്. രണ്ടാമത്തെ ദിവസം കോവിഡ് പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാകും.
ഖത്തര്‍ ഐഡിയുള്ളവരില്‍ വാക്‌സീന്‍ എടുക്കാത്തവര്‍, ഖത്തറിന് പുറത്തുളള രാജ്യത്തു നിന്നു കോവിഡ് വാക്‌സീന്‍ എടുത്തവര്‍, ഖത്തറിന് പുറത്തു വച്ചു കോവിഡ് വന്നു ഭേദമായവര്‍ എന്നിവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ പത്തു ദിവസമാണ്. ഖത്തര്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ ആയിരിക്കണം എടുക്കേണ്ടത്. ഇന്ത്യയിലെ കോവിഷീല്‍ഡ് ഖത്തര്‍ അംഗീകൃത വാക്‌സീനാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി സിനോഫാമും അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് കുടുംബ സന്ദര്‍ശക വീസ, ടൂറിസ്റ്റ്, വര്‍ക്ക്,ഓണ്‍ അറൈവല്‍ വീസകളില്‍ പ്രവേശനം ലഭിക്കുക. ഇവര്‍ക്കും പത്തു ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിൻ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല.
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന പുതിയ യാത്ര നയങ്ങൾക്കു ശേഷം, സന്ദർശക വിസയിലും ഓൺ അറൈവൽ വിസയിലുമായി ആയിരക്കണക്കിന് പ്രവാസികൾ ഖത്തറിലേക്ക് വന്നുതുടങ്ങിയതോടെയാണ് ക്വാറൻറീൻ ചട്ടങ്ങളിൽ ഭേദഗതി വരുന്നത്. ഖത്തർ അംഗീകൃത കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചാൽ ക്വാറൻറീൻ ഇല്ലാതെ മടങ്ങിയെത്താമെന്ന സ്വപ്നങ്ങൾക്കാണ് പുതിയ പരിഷ്കാരങ്ങൾ തിരിച്ചടിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല