1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഗസ്ത് ഒന്ന് ഞായറാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി സൗദി ഭരണകൂടം. ഇതുപ്രകാരം പൂര്‍ണമായി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

പൂര്‍ണമായി വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് രാജ്യത്ത് പുറത്തിറങ്ങാനാവില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. നാളെ മുതല്‍ രാജ്യത്തെ മാളുകള്‍, മാര്‍ക്കറ്റുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പ്രായം, ആരോഗ്യ സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ എടുക്കാന്‍ യോഗ്യതയില്ലാത്ത വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു- സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് കഴിഞ്ഞ ദിവസം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

ഇതുപ്രകാരം വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പന ശാലകള്‍, പൊതു മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകള്‍, വനിതാ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവില്ല. അതേ പോലെ എല്ലാ സാംസ്‌ക്കാരിക, വിനോദ, കായിക പരിപാടികളിലെ പ്രവേശനത്തിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലും തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ അവരുടെ തവക്കല്‍നാ ആപ്പില്‍ ഇക്കാര്യം അപ്ഡേറ്റ് ആയിട്ടില്ലെങ്കില്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് ഇമ്മ്യൂണ്‍ സ്റ്റാറ്റസിലേക്ക് മാറ്റേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

അല്ലാത്ത പക്ഷം ഇവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നിന് അനുവാദം ഉണ്ടാകില്ല. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ നിയമം ബാധകമാണ്. അവര്‍ക്കു കൂടി രജിസ്‌ട്രേഷന്‍ സാധ്യമാവുന്ന വിധത്തില്‍ കഴിഞ്ഞ ദിവസം ആപ്പ് നവീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.