
സ്വന്തം ലേഖകൻ: പൂർണ വാക്സിനേഷൻ നേടിയ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ക്വാറന്റീൻ നിബന്ധനകൾ കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അധികൃതർ അനുമതി നൽകുമ്പോഴും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾ പട്ടികയ്ക്ക് പുറത്ത്. നിലവിൽ യാത്ര വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങൾ. ഇവിടങ്ങളിൽ 14 ദിവസത്തിനകം സഞ്ചരിക്കാത്ത യാത്രക്കാരിൽ സൗദി ടൂറിസ്റ്റ് വീസ കൈവശമുള്ള ആർക്കും നേരിട്ട് പ്രവേശനം അനുവദിക്കും എന്നതാണ് പുതിയ നിർദേശം.
സ്വകാര്യ വിമാനക്കമ്പനികൾ ഉൾപ്പെടെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചു. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകൾ പാലിക്കൽ നിർബന്ധമാണെന്നും വ്യോമയാന അധികൃതർ അറിയിച്ചു. സൗദിലേക്ക് പ്രവേശിക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ നെഗറ്റീവ് പരിശോധന ഫലം ഉള്ളവരായിരിക്കുക, വാക്സിൻ സൗദിയിൽ അംഗീകരിച്ചവയായിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർ https://muqeem പോർട്ടലിൽ വാക്സിനേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പ്രാധാന്യവും ജിഎസിഎ ഊന്നിപ്പറഞ്ഞു. ഇത് പ്രകാരം നാളെ (ഓഗസ്റ്റ് ഒന്ന്) മുതലാണ് വിനോദ സഞ്ചാരികൾക്ക് സൗദി വാതിൽ തുറക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ പകർച്ചവ്യാധിയുടെ ഓഗോള അവസ്ഥയെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് രാജ്യാന്തര യാത്ര സംബന്ധിച്ച യോജിച്ച തീരുമാനങ്ങൾ അപ്പപ്പോൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഫൈസർ, ആസ്ട്രാസെനെക്ക, മോഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന്, രണ്ട് ഡോസ് പൂർത്തിയാക്കുക, അല്ലെങ്കിൽ ജോൺസൺ & ജോൺസൻ ഒരു ഡോസ് എടുക്കുക എന്നിവയാണ് സൗദിയിലെ അംഗീകൃത വാക്സിനുകൾ. ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചതിന് ശേഷം സിനോഫാം അല്ലെങ്കിൽ സിനോവാക് വാക്സിൻ സ്വീകരിച്ചവർക്കും പ്രവേശനാനുമതി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല