1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: ഇറ്റലിയിൽ ചെറിയൊരു ഇടവേളയ്ക്കുശേഷം കോവിഡ് വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ. ഓഗസ്റ്റ് 6 മുതൽ ഗ്രീൻ പാസ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ പുതിയ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിനുശേഷം റസ്റ്ററന്റുകൾ, മ്യൂസിയങ്ങൾ, സിനിമാശാലകൾ. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രീൻ പാസുള്ളവർക്കു മാത്രമായിരിക്കും. ഗ്രീൻ പാസ് നിബന്ധനകൾ ലംഘിക്കുന്ന ഉടമയ്ക്കും ഉപഭോക്താവിനും 400 മുതൽ 1000 യൂറോവരെ പിഴ ചുമത്തും. മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ നിയമലംഘനം ആവർത്തിച്ചാൽ, ഒന്നു മുതൽ 10 ദിവസം വരെ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

റസ്റ്ററന്റുകൾക്കു പുറത്ത് ഔട്ട്ഡോർ ടേബിളുകളിൽ ഭക്ഷണമോ പാനീയമോ കഴിക്കുന്നതിനോ ബാറിൽ നിൽക്കുന്നതിനോ പാസ് ആവശ്യമില്ല. പ്രാദേശിക ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലോ ആഭ്യന്തര വിമാന സർവീസുകളിലോ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടില്ല.
ജോലിസ്ഥലങ്ങളിൽ‌ പാസ് ആവശ്യമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ല. ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ കോവിഡിന്റെ ഡെൽറ്റ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ബിസിനസുകൾ തുറന്നിടാൻ ഗ്രീൻ പാസ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി മരിയോ ഭ്രാഗി പറഞ്ഞു.

എന്നാൽ ഗ്രീൻ പാസിനെതിരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീൻപാസ് നിർദേശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനുപേർ ഓരോദിവസവും തെരുവിലിറങ്ങി പ്രകടനങ്ങൾ നടത്തുന്നത് അധികൃതർക്ക് തലവേദനയാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.