
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
ഓഗസ്ത് 31 വരേക്കാണ് കരാര്‍ നീട്ടിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ വിദേശ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് അവസരമൊരുക്കിയത്.
നിലവില്‍ ഓഗസ്ത് 31 വരെ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഇന്ത്യയുടെ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം കരാര്‍ കലാവധി കഴിഞ്ഞിട്ടും അത് പുതുക്കാന്‍ വൈകിയത് വിമാനങ്ങള്‍ മുടങ്ങാനും ആളുകളുടെ യാത്ര തടസ്സപ്പെടാനും കാരണമായിരുന്നു.
അതിനിടെ സന്ദര്‍ശക വിസകള്‍ കൂടി തുടങ്ങിയതോടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈന്‍ കമ്പനികള്‍. കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് കഴിഞ്ഞ ആഴ്ച മൂന്നിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്.
ആവശ്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയാണ് എയര്‍ലൈന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. നേരത്തെ സീസണുകളിലാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ എത്തുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാണ്. നിലവില്‍ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല