1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നിലവില്‍ വന്നു. ഓഗസ്ത് ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന സ്ഥിതിയാണ്.

കാരണം തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്‌റ്റൊറന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും തവക്കല്‍നാ ആപ്പിലെ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ആണോ എന്ന് നോക്കി മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.

പുതിയ വ്യവസ്ഥ നടപ്പില്‍ വരുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആളുകള്‍ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കിലും സാമൂഹിക- സാംസ്‌കാരിക- കായിക- വിനോദ പരിപാടികളില്‍ പങ്കെടുക്കണമെങ്കിലും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.

ഓരോ കേന്ദ്രങ്ങളിലും ഇത് പരിശോധിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയന്ത്രണം നിലവില്‍ വന്നതോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ വാക്‌സിന്‍ വിതരണ സമയം വര്‍ധിപ്പിക്കണമെന്ന് എല്ലാ വ്കാസിനേഷന്‍ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പല കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുകയോ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്ത ആളുകളാണ് പുതിയ നിയന്ത്രണത്തെ തുടര്‍ന്ന് കുടുങ്ങിയത്. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം ഉണ്ടാവൂ എന്ന തീരുമാനം മാസങ്ങള്‍ക്കു മുമ്പേ എല്ലാ മന്ത്രാലയങ്ങളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു പലരും.

എന്നാല്‍ നിയന്ത്രണം നിലവില്‍ വന്നതോടെ ഗത്യന്തരമില്ലാതെ വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രാജ്യത്ത് ഇതിനകം 2.7 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് 77 ഡോസ് എന്ന നിരക്കിലാണ് വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുന്നത്.

വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള 3.48 കോടി ജനങ്ങളില്‍ 77.5 ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു കഴിഞ്ഞതായാണ് കണക്കുകള്‍. 81 ലക്ഷത്തിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.