
സ്വന്തം ലേഖകൻ: 16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ. രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്.
അതുകൂടാതെയാണ് പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ഇനി മുതൽ വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം. ഇത് വാക്സിനേഷൻ പ്രോഗ്രാമിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. ജെസിവിഐ (വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും സംയുക്ത സമിതി) ഉപദേശത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനായി ജെസിവിഐ തീരുമാങ്ങൾ കൈക്കൊള്ളുമെന്നും സ്റ്റർജൻ ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിനേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം ചെറുപ്പക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രകാരം ഫൈസർ, മോഡേണ വാക്സിനുകൾ വിതരണത്തിനായി ലഭ്യമാകുമെന്ന് ടെലഗ്രാഫും റിപ്പോർട്ട് ചെയ്യുന്നു. കാമ്പയിന് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.
അതിനിടെ സ്കോട്ട്ലൻഡിലെ മിക്കവാറും എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഓഗസ്റ്റ് 9 മുതൽ നീക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ സ്ഥിരീകരിച്ചു. സാമൂഹിക അകലം കുറയ്ക്കലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൂടുതൽ സന്ദർശകരെ അനുവദിക്കലും ഉൾപ്പെടെ ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനുള്ള ഇളവുകൾക്കാകും മുൻഗണനയെന്നാണ് സൂചന. ചില പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരേണ്ടിയും വരും.
കായിക പരിപാടികളിലും മ്യൂസിക് ഇവന്റുകളിലും കൂടുതൽ കാണികൾ, നൈറ്റ് ക്ലബ്ബുകൾക്ക് അനുമതി എന്നിവയും ഇളവുകളുടെ കൂട്ടത്തിൽ പ്രതീക്ഷിക്കാം. കൂടാതെ, കോവിഡ് പോസിറ്റീവ് ആകുന്നവരുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർ 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി സെൽഫ് ഐസോലേഷൻ വേണ്ടി വരില്ല. എന്നാൽ ഇവർ നെഗറ്റിവ് പിസിആർ ടെസ്റ്റ് റിസൾട്ട് നൽകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല