
സ്വന്തം ലേഖകൻ: അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു. 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി.
കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ 254 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. 97 പേർക്കു പരുക്കേറ്റു. അതേസമയം, ഏപ്രിൽ 14 നുശേഷം ഏകദേശം 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. ഈ കാലയളവിൽ കുട്ടികളും സ്ത്രീകളും അടക്കം 2,000 പേരാണു കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ അസ്ഥിരതയ്ക്കുകാരണം യുഎസ് സഖ്യസേന പൊടുന്നനെ രാജ്യം വിട്ടതാണെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പറഞ്ഞു.
അതിനിടെ അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയ സല്‍മ അണക്കെട്ടിന് നേരെയുള്ള താലിബാന്‍ ആക്രമണത്തെ അഫ്ഗാന്‍ സുരക്ഷാ സേന പരാജയപ്പെടുത്തി. മേഖലയിലെ നിരവധി ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന അണക്കെട്ടിന് നേരെ ഒരു മാസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ചൊവ്വാഴ്ച രാത്രിയിലാണ് ഏറ്റവും പുതിയ ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു. ” ഹെറാത്ത് പ്രവിശ്യയിലെ സല്‍മ അണക്കെട്ട് തകര്‍ക്കാന്‍ ഇന്നലെ രാത്രി താലിബാന്‍ ആക്രമണം നടത്തി. പക്ഷേ, അവര്‍ക്ക് കനത്ത നാശനഷ്ടം സംഭവിക്കുകയും പ്രത്യാക്രമണങ്ങളുടെ ഫലമായി പ്രദേശം വിട്ടുപോകുകയും ചെയ്തു.” – കുടൂതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ അദ്ദേഹം ട്വീറ്റ് ചെയ്തു.
യുദ്ധക്കെടുതികളില്‍ തകര്‍ന്ന സല്‍മ ഡാം ഇന്ത്യയാണ് 1700 കോടി രൂപ ചിലവാക്കി അഫ്ഗാന് പുനര്‍നിര്‍മിച്ചു നല്‍കിയത്. ഇന്ത്യ- അഫ്ഗാന്‍ സൗഹൃദ ബന്ധത്തിന്റെ പ്രതീകമായാണ് ഈ അണക്കെട്ടിനെ കാണുന്നത്. യുദ്ധക്കെടുതികളിലുഴലുന്ന അഫ്ഗാനിസ്ഥാന് സഹായഹസ്തമെന്നോണമാണ് തകര്‍ക്കപ്പെട്ട സല്‍മാ അണക്കെട്ട് ഇന്ത്യ പുനര്‍നിര്‍മിച്ചത്. 2016 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനിയും ഒരുമിച്ചാണ് സല്‍മ ഡാം ഉദ്ഘാടനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല