
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ അധ്യാപകർ സൗദിയിലേക്ക് നേരിട്ട് വന്നുതുടങ്ങി. ഇടത്താവളങ്ങളിൽ തങ്ങാതെ മലയാളികളായ നൂറോളം അധ്യാപകർ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പിന്നാലെ വിദ്യാർഥികൾക്കും വരാനാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ.
ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു സൗദിയിലേക്ക് ഇതുവരെ നേരിട്ട് വന്ന് കൊണ്ടിരുന്നത്. എന്നാൽ പുതിയ അധ്യായനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന അധ്യാപകർക്കും സൗദി പ്രവേശനം നൽകിതുടങ്ങിയിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നൂറോളം മലയാളി അധ്യാപകർ ഇടത്താവളങ്ങളിൽ പോകാതെ തന്നെ കഴിഞ്ഞ ദിവസം നേരിട്ട് സൗദിയിലെത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രത്യേക അഭ്യർത്ഥനയും, സ്ഥാപനത്തിന്റെ സീലോടു കൂടിയ ഐ.ഡിയും ഉണ്ടെങ്കിൽ കേരളത്തിൽ നിന്നും ചാർട്ട് ചെയ്ത് വരുന്ന വിമാനങ്ങളിൽ നേരിട്ട് സൗദിയിലേക്ക് വരാമെന്ന് യാത്രകകർ സാക്ഷ്യപ്പെടുത്തുന്നു.
ഇഖാമയിൽ പഠിപ്പിക്കുന്ന വിഷയം രേഖപ്പെടുത്തിയ അധ്യാപകൻ എന്ന പ്രൊഫഷനാണോ രേഖപ്പെടുത്തിയത് എന്ന് സൗദി വിമാനതാവളത്തിൽ പ്രത്യേകം പരിശോധിക്കുമെന്നാണ് സൂചന. എന്നാൽ യൂണിവേഴ്സിറ്റി അധ്യാപകർക്ക് ഇഖാമയിൽ പഠന വിഷയം രേഖപ്പെടുത്തൽ നിർബന്ധമില്ല. സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും ഈ ആനുകൂല്യത്തിൽ സൗദിയിലേക്ക് വരാനാകും.
മറ്റു യാത്രക്കാരെ പോലെ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രക്ക് 72 മണിക്കൂർ മുമ്പ് മുഖീ പോർട്ടലിൽ നടത്തേണ്ട അറൈവൽ രജിസ്ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങൾ അധ്യാപകരും പാലിക്കേണ്ടതാണ്. വൈകാതെ തന്നെ നാട്ടിൽ നിന്ന് തിരിച്ചു വരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല