
സ്വന്തം ലേഖകൻ: ഇന്ത്യ ആംബർ ലിസ്റ്റിലെത്തുമ്പോൾ ഗൾഫ് വഴിയുള്ള യുകെ യാത്ര ഇനി സുഗമമാകും. യുകെയുടെ കോവിഡ് യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽനിന്നും യാത്രാനുമതിയുള്ള ആംബർ ലിസ്റ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ ക്വാറന്റീനിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകളാണ് ഇന്ത്യൻ യാത്രക്കാർക്ക് ലഭിക്കുക.
ഈ മാസം എട്ടാം തിയതി ഞായറാഴ്ച പുലർച്ചെ നാലുമണി മുതലാണ് ഇന്ത്യയെ ആംബർ ലിസ്റ്റിലാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകുന്നത്. അതുവരെ ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിലവിലെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ തുടരും. ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചും യാത്രാനുമതിയുണ്ടെങ്കിലും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കും.
ഇത് ഇന്ത്യ ഗ്രീൻ ലിസ്റ്റിലായി യഥേഷ്ടം ഇരുഭാഗത്തേക്കും യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും വരെ തുടരും. ഇന്ത്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയത്. ഓസ്ട്രിയ, ജർമനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാത്വിയ, റൊമേനിയ, നോർവേ എന്നീ രാജ്യങ്ങളെ യാത്രാ നിയന്ത്രണങ്ങളില്ലാത്ത ഗ്രീൻ ലിസ്റ്റിലും ആക്കിയിട്ടുണ്ട്.
ജോർജിയ, മെക്സിക്കോ, ലാ റീ-യൂണിയൻ, മയോട്ട എന്നീ രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റിലും ഉൾപ്പെടുത്തി. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ ഗൽഫ് രാജ്യങ്ങളെ ആംബർ ലിസ്റ്റിലാക്കിയതോടെ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികൾ ബ്രിട്ടനിൽനിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്നും രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കും 18 വയസിൽ താഴെയുള്ളവർക്കും ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് എട്ടാം ദിവസത്തെ ആർടിപിസിആർ ടെസ്റ്റും നടത്തേണ്ടതില്ല.
മറ്റുരാജ്യങ്ങളിൽനിന്നും വരുന്നവർ യുകെ അംഗീകരിച്ച വാക്സിനാണ് എടുത്തിട്ടുള്ളതെങ്കിൽ അവരും ക്വാറന്റീൻ വേണ്ടാത്തവരുടെ പട്ടികയിലാകും.
എന്നാൽ ഇവർ യാത്രയ്ക്കു 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്തിരിക്കണം. കൂടാതെ ഇവർക്ക് രണ്ടാം ദിവസത്തെ ടെസ്റ്റിൽനിന്നും ഒഴിവാകാനുമാകില്ല. വാക്സീൻ എടുക്കാത്തവർക്കും ഒരു ഡോസ് വാക്സീൻ മാത്രമെടുത്തവർക്കും പത്തു ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. മാത്രമല്ല, യാത്രയ്ക്ക് മൂന്നു ദിവസത്തിന് മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
യുകെയിൽ എത്തിയാൽ രണ്ടാം ദിവസവും എട്ടാം ദിവസവും ചെയ്യേണ്ട കോവിഡ് ടെസ്റ്റ് മുൻകൂറായി പണമടച്ച് ബുക്കു ചെയ്യുകയും വേണം. ഒപ്പം gov.uk എന്ന വെബ്സൈറ്റിലെ പാസഞ്ചർ ലൊക്കേറ്റർ ഫോമും പൂരിപ്പിക്കണം. മറുവശത്ത് കേന്ദ്ര സർക്കാരിന്റെ എയർ സുവിധ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ മാർഗനിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല