
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ. ചില കേസുകളിൽ ഇവയിൽ ഏതെങ്കിലും ഒന്നു മതിയാകും. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈൽ ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യുക, വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ കയറ്റാതിരിക്കുക എന്നിവ കർശനമായി പാലിക്കണം.
നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണമുണ്ടാകും. വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർക്കു യാത്ര ചെയ്യാനാണ് അനുമതി. ഒരേ കുടുംബത്തിലുള്ളവർക്ക് ഇതുബാധകമല്ല. നിരത്തുകളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തുകയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ ചെയ്താൽ 6 മാസം തടവും 3,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ.
നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തിയാൽ ഉടമയെയോ പൊലീസ് സ്റ്റേഷനിലോ ഏൽപിച്ചില്ലെങ്കിലും ഇതേ ശിക്ഷ ലഭിക്കും. വ്യക്തികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ഗുരുതര കുറ്റമാണ്. മരണം സംഭവിക്കുകയോ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കും. ഗുരുതര പരുക്കേറ്റാൽ 3 വർഷം വരെ പിഴയോ പരമാവധി 15,000 റിയാൽ പിഴയോ നൽകണം.
മോഷണത്തിന് 2 വർഷം മുതൽ ജീവപര്യന്തം വരെയാണ് തടവു ശിക്ഷ. അക്കൗണ്ടിൽ മതിയായ പണമില്ലാതെ ചെക്ക് നൽകിയാൽ കുറഞ്ഞത് 3 മാസവും പരമാവധി 3 വർഷവുമാണ് ശിക്ഷ. ഇതിനു പുറമേ 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും യാത്രാ വിലക്കും ഉണ്ടാകും. ആത്മഹത്യാ ശ്രമത്തിന് 3 മാസം വരെ തടവും 3,000 റിയാൽ വരെ പിഴയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല