
സ്വന്തം ലേഖകൻ: കൊറോണയുടെ ഡെല്‍റ്റവകഭേദത്തെ കുറിച്ച് സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വ്യാപനം രൂക്ഷമായാല്‍ മരണസാധ്യതയും ഗുരുതരാവസ്ഥയും വന്‍ തോതില്‍ വര്‍ധിക്കും. മുഴുവന്‍ ആളുകളും വേഗത്തില്‍ രണ്ട് ഡോസ് കുത്തിവെപ്പുകളുമെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ. ലോകത്ത് 135 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഡെല്‍റ്റയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയുള്‍പ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ചാല്‍ ആരോഗ്യ സംവിധാനങ്ങളില്‍ വന്‍ അപകടങ്ങളുണ്ടാക്കുമെന്ന്, ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് റിജ്യണല്‍ ഡയരക്ടര്‍ അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു.
വളരെ വേഗത്തിലാണ് ഇതിന്റെ വ്യാപനം നടക്കുന്നത്. ഡെല്‍റ്റയുടെ ഒറിജിനല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുവാനുള്ള സാധ്യത 287 ശതമാനംവരെയാണ്. കൂടാതെ മരണ സാധ്യത 137 ശതമാനം വരെ വര്‍ധിക്കും.
വാക്സിനേഷന്‍ സ്വീകരിക്കുക, പ്രതിരോധ നടപടികള്‍ പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, സാമൂഹിക ഒത്തുചേരലുകള്‍ മാറ്റിവെക്കുക തുടങ്ങിയവയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ. സൗദി ജനസംഖ്യയുടെ 25 ശതമാനം പേരും ഇതിനോടകം തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചു. ഡെല്‍റ്റ പോലുള്ള വകഭേദങ്ങളെ പ്രതിരോധിക്കാന്‍ രണ്ട് ഡോസും സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളില്‍ 61 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളും വാക്സിന്റെ രണ്ട് ഡോസുകളും വേഗത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളിലും വിവിധ നഗരങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് പ്രതിദിന കേസുകളുടെ എണ്ണ ആയിരത്തിനും താഴെയെത്തിയത്. അതിന്റെ തുടര്‍ച്ചയായി ഇന്നും 954 പേര്‍ക്ക് മാത്രമേ രോഗം കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ 1014 പേര്‍ക്ക് ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരില്‍ 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,31,935 ആയും, ഭേദമായവരുടെ എണ്ണം 5,13,387 ആയും, മരിച്ചവരുടെ എണ്ണം 8311 ആയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 10237 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുണ്ടായിരുന്ന റിയാദില്‍ ഇനി രോഗം ഭേദമാകുവാനുള്ളത് 806 പേരാണ്. ജിദ്ദയില്‍ 789 പേരും, ത്വാഇഫില്‍ 435 പേരും, മക്കയില്‍ 433 പേരും ചികിത്സയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല